Malayalam
ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്നായിരുന്നു ആ കുറിപ്പ്; എനിക്ക് ഭയങ്കര സങ്കടം തോന്നി; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്നായിരുന്നു ആ കുറിപ്പ്; എനിക്ക് ഭയങ്കര സങ്കടം തോന്നി; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍.
വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.
തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. നായകനായും വില്ലനായും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയിലും നേട്ടം കൈവരിച്ചിരുന്നു.
അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തേക്കും ചുവടുവയ്ക്കുകയാണ് അദ്ദേഹം. ജോണ്‍ ബ്രിട്ടാസ് അവതാരകന്‍ ആയെത്തുന്ന ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ മോഹന്‍ലാല്‍ അതിഥി ആയെത്തിയപ്പോഴുള്ള വീഡിയോയിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ നല്‍കിയ അപ്രതീക്ഷിതവും മറക്കാന്‍ പറ്റാത്തതുമായ സമ്മാനത്തെ കുറിച്ചും പറഞ്ഞ വാക്കുകളെ കുറിച്ചും ആണ് വിഡിയോയില്‍ അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘ഞാന്‍ ഒരിക്കല്‍ ദുബായിക്ക് പോകുവാണ്. എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ എന്റെ ഭാര്യയും വന്നു. ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു. എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ ഞാന്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. എന്റെ ഭാര്യ എന്നെ വിളിച്ചിട്ട് ബാഗിന്റെയുള്ളില്‍ ഒരു കാര്യം വച്ചിട്ടുണ്ട് നോക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്താണ് എന്ന് ചോദിച്ചു.
നോക്കിയാ മതിന്നു ആയിരുന്നു മറുപടി. എന്റെ കയ്യില്‍ ഉള്ള ചെറിയ ബാഗില്‍ ആയിരുന്നു. ഞാന്‍ ബാഗ് തുറന്നു നോക്കിയപ്പോള്‍ അത് ഒരു ഗിഫ്റ്റ് ആയിരുന്നു. ഗിഫ്റ്റ് ബോക്‌സിനുള്ളില്‍ ഒരു മോതിരം ആയിരുന്നു. അതിനോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്നായിരുന്നു ആ കുറിപ്പില്‍.
എനിക്ക് ഭയങ്കര സങ്കടം തോന്നി. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ എന്നായിരുന്നു. ഈ ദിവസമെങ്കിലും ഓര്‍ത്തിരിക്കൂ എന്ന് എന്നോട് പറഞ്ഞപ്പോള്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ആണല്ലോ വലിയ വലിയ കാര്യങ്ങള്‍ ആയി മാറുന്നത്. അതിനുശേഷം ഇതുവരെ ഞാന്‍ ആ ദിവസം മറന്നിട്ടില്ല’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
1988 ഏപ്രില്‍ 28നായിരുന്നു തമിഴ് നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയും ആയി മോഹന്‍ലാലിന്റെ വിവാഹം നടന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിരുന്ന സുചിത്ര അദ്ദേഹത്തിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു എന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതാണ് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ ഇവരുടെ വിവാഹ ശേഷം വന്നിരുന്നു.
വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം ജാതകം ചേരില്ല, ഈ ബന്ധം ഉപേക്ഷിക്കണം എന്നൊക്കെ ജ്യോതിഷ പ്രവചനം ഉണ്ടായിട്ട് പോലും നടന്ന വിവാഹം ആയിരുന്നു ഇവരുടേത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ലാലേട്ടനും സുചിത്രയും പരസ്പരം പ്രണയിച്ച് മാതൃകാ ദമ്പതികളായി മറ്റുള്ളവര്‍ക്ക് അസൂയ തോന്നും വിധം ജീവിച്ചു പോരുകയാണ്.
കഴിഞ്ഞ ദിവസം മോഹന്‍ലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അവാര്‍ഡ് വേദിയിലെത്തിയ തന്നെ അദ്ദേഹം ചുംബിച്ചപ്പോള്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. കേണല്‍ പദവിയെക്കുറിച്ചും പ്രേംനസീറിനൊപ്പമുള്ള സിനിമയെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു.
സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്.
കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്. അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.
ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.
