Malayalam
ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകും; മോഹന്‍ലാല്‍
ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകും; മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്.
നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര് പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്.
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലാലേട്ടന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേക്ക് സിനിമയെത്തുകയായിരുന്നുവെന്നും താന്‍ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നും തന്റെ അനുഭവങ്ങളാണ് തന്നെ മാതാ അമൃതാനന്ദമയിലേക്ക് അടുപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലാണ്. സ്രാഷ്ടാംഗം പ്രണമിക്കുകയും ശേഷം ഏറെ നേരം താരം ആഘോഷത്തില്‍ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി. ആ ചടങ്ങിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു.
191 രാജ്യങ്ങള്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നടുകയും ചെയ്തു. ആത്മീയതയ്ക്ക് ജീവിതത്തില്‍ വളരെ അധികം പ്രാധാന്യം നല്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി അമൃതാനന്ദമയിയുടെ ഭക്തനാണ് താരം. ഏതൊരു ക്ലേശ സമയങ്ങളിലും മോഹന്‍ലാല്‍ ആദ്യം ആശ്രയം വെക്കുന്നത് അമൃതാനന്ദമയിയിലാണ്. അക്കാര്യം താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്.
കേരളത്തില്‍ അമൃതാനന്ദമയിയ്ക്കെതിരായ വിവാദങ്ങള്‍ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹന്‍ലാല്‍. അമൃതാനന്ദമയിയെ യഥാര്‍ത്ഥ മാലാഖയെന്നാണ് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഒരിക്കല്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അമൃതാനന്ദമയി പറഞ്ഞിരുന്നു. ലാലു മോന് എന്ന് വിശേഷിപ്പാച്ചാണ് മോഹന്‍ലാലിനെ കുറിച്ച് അമൃതാനന്ദമയി ആ വീഡിയോയില്‍ സംസാരിച്ച് തുടങ്ങിയത് തന്നെ.
അതേസമയം, സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ വരുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. അതിലൊന്നും ഒരു പരാതിയും ഇല്ല. എന്നെ ഒരാള്‍ തെറി പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കാരണം ഞാന്‍ 46 വര്‍ഷമായി എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നതും കൂടി ഇതിന്റെ പിറകിലുണ്ട്. ഒരു സിനിമ കൊണ്ടല്ല ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത രണ്ട് മൂന്ന് സിനിമ വളരെ സക്സസ്ഫുളായാല്‍ ഇതൊക്കെ മാറും.
ഒരു സിനിമ മോശമായിപ്പോയതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ മാത്രമല്ല. പഴി പറഞ്ഞെന്ന് കരുതി, സിനിമ ചെയ്യാതിരിക്കുകയോ കരയുകയോ വേണ്ട. കാരണം അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകില്‍ സിനിമ ചെയ്യാതിരിക്കാം, അല്ലെങ്കില്‍ ചെയ്ത് കൊണ്ടിരിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷാ ശൈലി മോശമായിരുന്നെന്ന് കഴിഞ്ഞ ദിവസം സംവിധായകന് രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.
ഇതേക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ഞാന്‍ തൃശൂര്‍ക്കാരനല്ല. എനിക്ക് ആ സമയത്ത് പത്മരാജന് പറഞ്ഞ് തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ്. എനിക്ക് അറിയാവുന്നത് പോലെയല്ലെ പറയാന്‍ പറ്റൂ. തൃശൂരുകാരെല്ലാം അങ്ങനത്തെ ശൈലിയില്‍ സംസാരിക്കാറില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. വിവാദങ്ങളില്‍ അകപ്പെടുന്നത് കാര്യമാക്കുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
