Malayalam
എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ; മോഹൻലാൽ
എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ; മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് മോഹൻലാൽ ആയിരുന്നു.
ഈ വേളയിൽ പത്തനംതിട്ടയിലും ഇലന്തൂരുമായി കഴിഞ്ഞ നാളുകളെ കുറിച്ചും ഒപ്പം കേരളത്തിന്റെ സെക്രട്ടറിയേറ്റിനെ കുറിച്ചുള്ള ഓർമ്മകളെ പറ്റിയുമെല്ലാം മോഹൻലാൽ സംസാരിച്ചു. അതോടൊപ്പം തന്നെ തന്റെ മക്കളെക്കുറിച്ചും, സമൂഹത്തിനു കൊടുക്കാൻ ഉള്ള സന്ദേശത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.
മകൾ പുറത്താണ് പഠിക്കുന്നത്. അവൾക്ക് സ്പോർട്സിലാണ് കൂടുതൽ കമ്പം. മോയ്തായ് എന്ന മാർഷൽ ആർട്ട് തായ്ലാന്റിൽ പഠിച്ചുകൊണ്ടിരിക്കുന്നു. മകൻ വളരെ ചുരുക്കം ചില സിനിമകളിൽ അഭിയിച്ച ആളാണ്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. ആള് കുറെ ട്രാവൽ ചെയ്യുന്ന ആളാണ്. മ്യൂസിക്കിൽ ഇഷ്ടമാണ് എഴുതാനും ആൾക്ക് താത്‌പര്യമുണ്ട്. മദ്രാസ് ബേസ്ഡ് ആയിട്ടാണ് നമ്മൾ സ്റ്റേ ചെയ്യുന്നത്.
എറണാകുളത്തും ഇടയ്ക്ക് വന്നു നിൽക്കും. പിന്നെ ദുബായിലും പോയി താമസിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ്. സിനിമ അഭിനയം എന്നതിൽ ഉപരി മക്കൾക്ക് എപ്പോഴും ആർട്സിൽ ആണ് കൂടുതൽ താത്പര്യം. അമ്മ ഏഴെട്ടു വർഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്.
എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ. എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്.
അച്ഛൻ ലോ സെക്രട്ടറി ആയിട്ടാണ് റിട്ടയർ ചെയ്യുന്നത്. ഒരുപാട് വട്ടം വന്ന സ്ഥലമാണ് സെക്രട്ടറിയേറ്റ്. അച്ഛന്റെ ഓഫീസിന്റെ മുൻപിൽ നിന്നും ഷൂട്ട് ചെയ്ത സിനിമകൾ ഒരുപാടുണ്ട്. മോഹൻലാൽ എന്ന നടൻ എന്ന് അറിയപെടുന്നതിനേക്കാളും വിശ്വനാഥൻ നായരുടെ മകൻ എന്ന് അറിയപ്പെടാൻ ആണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്, അങ്ങനെ ആണ് ഇന്നും ആളുകൾ അഡ്രസ് ചെയ്യുന്നത്.
ഇന്നും ആ വഴി പോകുന്ന സമയത്ത്, സെക്രട്ടറിയേറ്റ് കാണുമ്പൊൾ മനസ്സിൽ നൊസ്റ്റാൾജിയ വരും. കുട്ടികാലത്ത് ഏറ്റവും കൂടുതൽ സമയം ചിലവിട്ടിരുന്ന, ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ളതും അച്ഛനൊപ്പം സമയം ചിലവിട്ടതും അവിടെയാണ് എന്നും മോഹൻലാൽ പറയുന്നു. മാത്രമല്ല, ചെങ്ങന്നൂർ മഹാദേവനും ആലക്കാവ് ക്ഷേത്രവും ഏറെ പ്രിയപ്പെട്ട ഇടങ്ങൾ ആണെന്നും മോഹൻലാൽ പറഞ്ഞു. കുടുംബക്ഷേത്രം ആണ് ആലക്കാവ്.
അച്ഛന്റെയുംഅമ്മയുടെയും ഒപ്പം പലവട്ടം പോയ ഇടം… എനിക്ക് അഭിനയം ആണ് ലഹരി. നമ്മൾ ചെയ്യുന്ന ജോലിയോടുള്ള പ്രതിബന്ധത ആകണം ലഹരി. നമ്മൾക്ക് ഈ ലോകത്തിൽ ഈശ്വരൻ തന്ന ജീവിതം മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ജീവിക്കാൻ നമുക്ക് ആകണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നല്ലൊരു തലമുറ ഇല്ലാതാകും എന്നും മോഹൻലാൽ പറഞ്ഞു.
എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതിന് മുമ്പും അമ്മയെ കുറിച്ച് മോഹൻലാൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.