News
ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍, അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍
ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍, അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
ഏറ്റവും പുതിയതായി എലോണ്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 2023 ലെ ലാലിന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതിനിടയില്‍ അഭിനയത്തില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഡെഡിക്കേഷനെ പറ്റിയൊരു കഥ വൈറലാവുകയാണ്.
പരദേശി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണിനൊരു അപകടം പറ്റിയിരുന്നു. എന്നാല്‍ വിശ്രമിക്കണമെന്ന നിര്‍ദ്ദേശം പോലും അവഗണിച്ച് ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് മോഹന്‍ലാല്‍ ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ആ സീന്‍ നടന് പൂര്‍ത്തിയാക്കിയതെന്നാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ഛായാഗ്രാഹകന്‍ കൂടിയായ കെ ജി ജയന് പറയുന്നത്.
മോഹന്‍ലാലിന്റെ ഏറ്റവും നല്ല ക്വാളിറ്റിയെന്ന് പറഞ്ഞാല്‍ ഒരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് തീരുന്നത് വരെ ആ സിനിമയുടെ കൂടെയായിരിക്കും. വേറൊരു അഭിപ്രായം അദ്ദേഹം പറയത്തില്ല. ഇതുപോലെ ആയിരിക്കണം, അല്ലെങ്കില്‍ എനിക്ക് പറ്റില്ല അങ്ങനൊരു പരിഭവങ്ങളോ പരാതിയോ പുള്ളിയ്ക്ക് ഇല്ല. സംവിധായകന് പറയുന്നത് എന്തൊക്കെയാണോ അതൊക്കെ ചെയ്യുക എന്നതാണ് പുള്ളിയുടെ രീതി. ഞാന്‍ വലിയ നടനാണ് എന്ന പൊസിഷനൊന്നും അദ്ദേഹം നോക്കാറില്ല.
പലപ്പോഴും അതിശയം തോന്നാറുണ്ട്. ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല. നല്ല ഓര്‍മ്മയാണ്. ഒരു പടത്തിന്റെ ബന്ധമേ ഞങ്ങള്‍ തമ്മിലുള്ളു. പിന്നീട് എന്നെ കണ്ടപ്പോള്‍ ആ സൗഹൃദം പുലര്‍ത്തി. എന്റെ മകളെ കുറിച്ച് പോലും അന്ന് ചോദിച്ചിരുന്നുവെന്ന് താരം പറയുന്നു.
പിന്നെ അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നുണ്ടോന്ന് വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ മനസിലാവുകയുള്ളു. ഡയലോഗ് പറയുന്ന സമയത്തൊക്കെ അങ്ങനെയാണ്. പരദേശി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പുള്ളിയ്ക്ക് കണ്ണിന് അസുഖം വന്നു. കണ്ണില്‍ കരട് പോയിട്ട് അത് തിരുമ്മി, ശേഷം കണ്ണില്‍ ചെറിയൊരു മുറിവ് വന്നു.
ഡോക്ടറെ കൊണ്ട് വന്ന് പരിശോധിച്ചപ്പോള്‍ മരുന്ന് ഒഴിച്ച് വിശ്രമിക്കാനാണ് പറഞ്ഞത്. എന്നാല്‍ അത് സമ്മതിക്കാതെ സിനിമയുടെ ചിത്രീകരണം എടുക്കാമെന്നാണ് പറഞ്ഞത്. ആ വേദനയും വെച്ച് പരദേശിയുടെ ഒരു സീന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ആ സീനില്‍ ക്യാമറയിലേക്ക് നോക്കാതെ കണ്ണൊക്കെ അടച്ചിരുന്ന് വേറൊരു ആംഗിളില്‍ ചെയ്യാമെന്ന് പുള്ളിയാണ് നിര്‍ദ്ദേശിച്ചത്. ശരിക്കും ആ രംഗത്തിന് ആവശ്യമായ രീതിയില്‍ ആര്‍ക്കും സംശയം കൊടുക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.
ആ സീന്‍ ഇന്നും കണ്ട് നോക്കിയാല്‍ അങ്ങനൊരു പ്രശ്നമുള്ളതായി പോലും ആര്‍ക്കും തോന്നുന്നില്ല. ശരിക്കും അത്രത്തോളം പെര്ഫെക്ഷന് നോക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ജയന് പറയുന്നത്. മോഹന്‍ലാലിനോളം ഡെഡിക്കേഷനുള്ള നടന് വേറെ ആരുണ്ടാവുമെന്ന് ചോദിക്കുകയാണ് ആരാധകരും.
അതേസമയം, അടുത്തിടെ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അടൂരിന്റെ വാക്കുകള്‍ ഇങ്ങനെ, മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ നിരവധി ആരാധകര്‍ രംഗത്ത് വന്നിരുന്നു, എന്നാല്‍ ഇപ്പോഴിതാ നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത് എത്തിയിരിക്കുകയാണ്. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ എന്ന വാക്ക് ഉപയോഗിച്ച് പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത് എന്നാണ് മേജര്‍ രവി ചോദിക്കുന്നത്.
ഇതിന് മുമ്പും അടൂര്‍ ഗോപാല കൃഷ്ണന് മോഹന്‍ലാലിന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്, ആ വാക്കുകള്‍ ഇങ്ങനെ, വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടക്കുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് മമ്മൂട്ടിയെന്നും പറഞ്ഞു.
മമ്മൂട്ടിയെന്ന നടന് ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല എന്നാണ് അടൂര്‍ പറയുന്നു. വയസ്സിന് ചേരുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനം. സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്താറില്ല എന്നും മമ്മൂട്ടിയുടെ വാക്ക് വാക്കാണ് എന്നും, ഒരിക്കലും അതിന് ഒരു മാറ്റമുണ്ടാകാറില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു.
