Malayalam
ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം, ആള്ക്കാര് കൂവണം, കുറ്റം പറയണം; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം, ആള്ക്കാര് കൂവണം, കുറ്റം പറയണം; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനിടയില്‍ മോഹന്‍ലാല്‍ പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്‍ഡ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാല്‍ എന്താണൊരു രസം. മടുത്തുപോവില്ലേ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം, ആള്ക്കാര് കൂവണം, കുറ്റം പറയണം, ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക്, ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്കു സ്വയം പരിശോധിക്കാനാവുകയുള്ളൂ’, എന്നാണ് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞത്.
ലിജോയുടെ പടത്തിന് ശേഷം മധു സി നാരായണന്, അനൂപ് സത്യന്, രതീഷ് ബാലകൃഷ്ണന് പൊതുവാള് തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം 2023 ജനുവരി 10ന് ആരംഭിക്കും.
രാജസ്ഥാനിലാണ് ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ‘മലക്കോട്ട വാലിബന്’ എന്നാണ് സിനിമയ്ക്ക് പേര് നല്കിയിരിക്കുന്നതെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സെഞ്ച്വറി കൊച്ചുമോനും കെസി ബാബുവിന്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈന്‍ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ചിത്രത്തിന്റെ പേരുള്‍പ്പടെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
