Malayalam
പേര് മാറ്റിയാല്‍ നീ ഭയങ്കരമായി രക്ഷപ്പെടും എന്ന് പറഞ്ഞത് ദിലീപേട്ടനാണ്; വൈറലായി മിര്‍ണയുടെ വാക്കുകള്‍
പേര് മാറ്റിയാല്‍ നീ ഭയങ്കരമായി രക്ഷപ്പെടും എന്ന് പറഞ്ഞത് ദിലീപേട്ടനാണ്; വൈറലായി മിര്‍ണയുടെ വാക്കുകള്‍
കഴിവും കഠിനാധ്വാനവും ലുക്കും മാത്രമല്ല, അല്‍പ്പം ഭാഗ്യം കൂടി ആവശ്യമായുള്ള മേഖലയാണ് സിനിമ. പലരും സിനിമയിലെത്തിയ ശേഷം പുതിയ പേരുകള്‍ സ്വീകരിക്കുകയും പേരുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. സിനിമയില്‍ അരങ്ങേറിയപ്പോള്‍ പേര് മാറ്റുകയും പിന്നീട് സ്വപ്നം കാണാന്‍ കഴിയാത്ത അത്രയും ഉയരത്തിലേയ്ക്ക് എത്തിപ്പെടുകയും ചെയ്ത താരങ്ങളില്‍ പ്രധാനിയാണ് നടി നയന്‍താര.
ലെന അടക്കമുള്ള താരങ്ങളും തന്റെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നതിനായി പേരില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പേര് മാറ്റിയാല്‍ ഒരാളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകും എന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉല്പന്നങ്ങള്ക്കും ഇത്തരത്തില്‍ പേര് ഭേദഗതി ചെയ്യാം. സിനിമാക്കാരും രാഷ്ട്രീയക്കാരും ഒക്കെ പരസ്യമായും രഹസ്യമായും ഇത് ചെയ്യുന്നുണ്ട്.
സംഖ്യാശാസ്ത്രം അനുസരിച്ച് ഭാഗ്യം തരുന്ന പേരല്ല ഇപ്പോഴുള്ളതെങ്കില്‍ ആവശ്യമായ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. അത്തരത്തില്‍ പേര് മാറ്റിയതോടെ ഭാഗ്യം തെളിഞ്ഞൊരു നടിയാണ് മിര്‍ണ മേനോന്. മിര്‍ണ എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും മനസിലാകണമെന്നില്ല. ജയിലറില്‍ രജിനികാന്തിന്റെ മരുമകളായി അഭിനയിച്ച നടി എന്ന് പറഞ്ഞാലാണ് മിര്‍ണയുടെ മുഖം വേഗം ആളുകളുടെ മനസില്‍ തെളിഞ്ഞ് വരൂ.
സിനിമയിലെത്തിയപ്പോള്‍ മിര്‍ണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴിലൂടെയായിരുന്നു അഭിനയ ജീവിതം മിര്‍ണ ആരംഭിച്ചത്. തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്ത ശേഷം സിദ്ദിഖ് സിനിമ ബിഗ് ബ്രദറിലൂടെ മിര്‍ണ മലയാളത്തിലേക്ക് എത്തി. മോഹന്‍ലാല്‍ നായകനായ സിനിമയായിരുന്നു ബിഗ് ബ്രദര്‍. ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സിദ്ദിഖാണ് പേര് മാറ്റാന്‍ നിര്‍ദേശിച്ചതെന്നും അതിന് ശേഷം എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാന്‍ നിര്‍ദേശിച്ചത് നടന് ദിലീപാണെന്നും റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ മിര്‍ണ പറയുന്നു.
‘എന്റെ ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാന്‍ പോയതായിരുന്നു. ഞാന്‍ അവിടെ വെച്ചുണ്ടായ പരിചയത്തിലൂടെയാണ് ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്. മലയാളത്തില്‍ അതിഥി എന്ന പേരില്‍ നിരവധി നടിമാരുണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാര്‍ നിര്‍ദേശിച്ചു. ബിഗ് ബ്രദര്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെ പേര് മാറ്റാമെന്ന് ഞാനും തീരുമാനിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എമ്മില്‍ തുടങ്ങുന്ന പേര് കണ്ടുപിടിക്കാന്‍ പറഞ്ഞത്.’
‘നീ ‘എ’ എന്ന ലെറ്ററില്‍ തുടങ്ങുന്ന പേര് വെച്ചാല്‍ ശരിയാവില്ല. എമ്മില്‍ തുടങ്ങുന്ന പേര് വെക്കാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ച് പേര് കണ്ടുപിടിച്ചു. അതില്‍ മിര്‍ണ എന്ന പേര് എന്റെ സുഹൃത്ത് സജസ്റ്റ് ചെയ്തതാണ്. എല്ലാവര്ക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മില്‍ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസം ഞാന്‍ ബിഗ് ബ്രദര്‍ സിനിമ സൈന്‍ ചെയ്തു.
പേര് മാറ്റിയാല്‍ നിനക്ക് ഭയങ്കര ചെയ്ഞ്ചസ് വരും നീ ഭയങ്കരമായി രക്ഷപ്പെടും എന്നൊക്കെയാണ് അന്ന് ദിലീപേട്ടന് തന്നോട് പറഞ്ഞതെന്നും’, മിര്‍ണ വെളിപ്പെടുത്തി. കുറച്ച് വര്‍ഷം മുമ്പ് ദിലീപും പേര് മാറ്റിയിരുന്നു. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ അതില്‍ dileep എന്നതിനു പകരം dilieep എന്നാണ് എഴുതിയിരുന്നത്.
അതേസമയം, വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തെത്തിയിരിക്കുന്നത്. ഇപ്പോഴും തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥന്. ഇവര്‍ക്ക് പുറമെ അലന്‍സിയര്‍ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.
ഇതു കൂടാതെ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഉള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ വൈറലായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിനു പുറമെ പറക്കും പപ്പന് എന്ന സിനിമയും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
