Hollywood
ഹാരി പോട്ടര്‍ താരം മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി
ഹാരി പോട്ടര്‍ താരം മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി
ഏറെ ആരാധകരുള്ള ഹാരി പോട്ടര്‍ സീരീസില്‍ പ്രഫ. ആല്‍ബസ് ഡംബിള്‍ഡോറായി വേഷമിട്ട നടന്‍ മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി. 82 വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സീരിസിന്റെ മൂന്നാം ഭാഗം മുതലാണ് അദ്ദേഹം ഹാരി പോട്ടറിന്റെ ഭാഗമായത്. ആദ്യ സീരീസുകളില്‍ ഡംബിള്‍ഡോര്‍ വേഷമിട്ട റിച്ചാര്‍ഡ് ഹാരിസ് 2002ല്‍ മരിച്ചതോടെയാണ് മൈക്കിളിന്റെ വരവ്.
1965 ല്‍ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോണ്‍ സിനിമ അരങ്ങേറ്റം നടത്തിയത്. ഡുബ്ലിനില്‍ ജനിച്ച ഗാംബോണ്‍ ടെലിവിഷന്‍, സിനിമ, തിയേറ്റര്‍, റേഡിയോ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് ഫിലം അക്കാദമിയുടെ നാല് ബാഫ്ത പുരസ്‌കാരങ്ങള്‍ നേടി. ലേഡി ഗാംബോണ്‍ ആണ് ഭാര്യ. മകന്‍: ഫെര്‍ഗുസ്.
ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂള്‍സ് മൈഗ്രെറ്റായി ഗാംബോണ്‍ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാര്‍ലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ലണ്ടനിലെ റോയല്‍ നാഷണല്‍ തിയേറ്ററിലെ അംഗമായാണ് കരിയര്‍ തുടങ്ങിയത്. നിരവധി ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങള്‍ക്ക് 1998 ല്‍ അദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു.
മോബ്‌സ്‌റ്റേഴ്‌സ്, ക്ലീന്‍ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇന്‍സൈഡര്‍, ഡീപ് ബ്ലൂ, ദി കിംഗ്‌സ് സ്പീച്ച് തുടങ്ങിയവയും ശ്രദ്ധേയമായ സിനിമകളാണ്. നാല് ബാഫ്റ്റ അവാര്‍ഡുകളും മൂന്ന് ഒലിവിയര്‍ അവാര്‍ഡുകളും നേടിയ വ്യക്തി കൂടിയാണ് മൈക്കല്‍ ഗാംബോണ്‍.