നോ പറയേണ്ട സ്ഥലത്ത് നോ പറയുക തന്നെ വേണം ; പ്രതിസന്ധികൾ ഉണ്ടായപ്പോൾ അതിൽ നിന്നൊന്നും ഒളിച്ചോടി പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; മേഘ്ന
ഒരിടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ മേഘ്‌നയ്ക്ക് രണ്ടാം വരവിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയലിന്റെ ഷൂട്ട് പൂർത്തിയായത് മേഘ്‌ന ആരാധകരുമായി പങ്കുവച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം മേഘ്‌ന പങ്കുവയ്ക്കാറുണ്ട്. എറണാകുളത്ത് സ്വന്തമായി വീട് വാങ്ങിയത് ഉൾപ്പടെയുള്ള സന്തോഷങ്ങൾ മേഘ്‌ന ആരാധകരെ അറിയിച്ചത് തന്റെ യുട്യൂബ് ചാനലിലൂടെയാണ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന.
ചന്ദനമഴയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു മിസ്സിസ് ഹിറ്റ്ലറിലെ ജ്യോതിയെന്ന് മേഘ്ന പറയുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പുറത്തു പഠിക്കാൻ പോയിട്ട് തിരിച്ചുവന്ന കുട്ടിയെ സ്വീകരിക്കുന്ന ഫീലായിരുന്നു രണ്ടാം വരവിൽ കിട്ടിയത്. സ്നേഹം കൊണ്ടുള്ള വരവേൽപ്പ്. അവരുടെ വീട്ടിലെ ഒരു കുട്ടിയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. അത് വലിയ ഭാഗ്യമായി കരുതുന്നു. കാരണം സ്നേഹം നമുക്ക് പിടിച്ചുവാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ. അപ്പോൾ ഒരുപാട് സ്നേഹം കിട്ടുമ്പോൾ നമ്മൾ ആസ്വദിക്കണം. സന്തോഷിക്കണം, മേഘ്‌ന പറഞ്ഞു.
പുതിയ വീട് വാങ്ങിയ സന്തോഷവും മേഘ്‌ന പങ്കുവച്ചു. എറണാകുളം പറവൂർ ഭാഗത്താണ് വീട് വാങ്ങിയത്. സന്തോഷത്തോടെയും സുഖത്തോടെയും ജീവിതം പോകുന്നു. വീട്ടിൽ അമ്മയും, വാച്ചിയമ്മയും (അമ്മുമ്മ) പിന്നെ തനുമാണ് ഉള്ളതെന്നും മേഘ്‌ന വ്യക്തമാക്കി. അമ്മയാണ് ബെസ്റ്റ് ഫ്രണ്ട്. അമ്മയാണ് എല്ലാം. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്നയാളാണ് അമ്മയെന്നും മേഘ്‌ന പറഞ്ഞു.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അതിൽ നിന്നൊന്നും ഒളിച്ചോടി പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എല്ലാ നേരിടണമെന്ന് തന്നെയാണ് കരുതിയിട്ടുള്ളുവെന്ന് മേഘ്ന അഭിമുഖത്തിൽ വ്യക്തമാക്കി. ജീവിതത്തിൽ ഒരു ദുരനുഭവം ഉണ്ടായപ്പോൾ ഇനി ആരെയും വിശ്വസിക്കില്ലെന്ന തീരുമാനം എടുത്തിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉണ്ട് എന്ന മറുപടിയാണ് താരം നൽകിയത്. അത് ഉറപ്പായും ഉണ്ടാകുമല്ലോ. ഒരു അടികിട്ടിക്കഴിഞ്ഞാൽ നമ്മൾ പഠിക്കും. പക്ഷേ ആ ദുരനുഭവം എന്താണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് മേഘ്ന പറഞ്ഞു.
ഒരുപാട് സ്ഥലത്ത് നോ പറയേണ്ടി വന്നിട്ടുണ്ടെന്നും നോ പറയേണ്ട സ്ഥലത്ത് നോ പറയുക തന്നെ വേണമെന്നും മേഘ്ന പറയുന്നു. നോ പറഞ്ഞത് കൊണ്ട് അവസരങ്ങൾ നഷ്ടമായതിന് ഒരിക്കലും വിഷമിച്ചിട്ടില്ല. അതൊരിക്കലും ഉണ്ടാവുകയുമില്ല. എന്റേതായ ചില പോളിസികൾ ഉണ്ട്. അതിനെ മറികടക്കുന്ന എന്തിനോടും നോ പറയും. നോ പറയേണ്ടി വന്ന സാഹചര്യങ്ങൾ വെളിപ്പെടുത്തി ആരെയും വിഷമിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മേഘ്ന വ്യക്‌തമാക്കി.
നേരത്തെ നോ പറയാൻ വളരെ ബുദ്ധിമുട്ടുള്ള ആളായിരുന്നു. അവർക്ക് വിഷമമാകും എന്ന തോന്നലായിരുന്നു. എന്നാൽ നോ പറയാത്തത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്. നോ പറഞ്ഞില്ലെങ്കിൽ നമുക്ക് ആണ് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുക. ഇപ്പോൾ ഒന്നല്ല പത്ത് വട്ടവും നോ പറയാൻ താൻ തയ്യാറാണെന്നും മേഘ്ന പറഞ്ഞു.
വിവാഹത്തോടെയാണ് മേഘ്‌ന സീരിയലിൽ നിന്ന് ഇടവേളയെടുത്തത്. ചന്ദനമഴ എന്ന പരമ്പരയിൽ അഭിനയിക്കുമ്പോൾ ആയിരുന്നു വിവാഹം. നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയാണ് നടി വിവാഹം ചെയ്തത്. എന്നാൽ അധികം വൈകാതെ ഇവർ വേർപിരിഞ്ഞു. പിന്നീട് തമിഴ് പരമ്പരകളിലൂടെയാണ് മേഘ്‌ന വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ശേഷമാണ് മിസിസ് ഹിറ്റ്ലറിൽ അഭിനയിച്ചത്.