Tamil
തൃഷയെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു, നിയമ നടപടികള്‍ സ്വീകരിക്കണം; മന്‍സൂര്‍ അലിഖാന്
തൃഷയെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു, നിയമ നടപടികള്‍ സ്വീകരിക്കണം; മന്‍സൂര്‍ അലിഖാന്
നടി തൃഷയ്ക്കെതിരെ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി രാജു നടത്തിയ അ ശ്ലീല പരാമര്‍ശത്തില്‍ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയാണ്. വിശാല്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരടക്കമുള്ള സഹപ്രവര്‍ത്തകര്‍ തൃഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ തൃഷയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് മന്‍സൂര്‍ അലിഖാനും.
ഒരു സഹതാരത്തെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ അത് ഏറെ വേദനാജനകമാണ്. ഇത്തരം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ മ്ലേച്ഛമാണെന്നും സമൂഹത്തെ ബാധിക്കും. പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മന്‍സൂര്‍ അലിഖാന് ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, മുമ്പ് തൃഷയ്ക്കെതിരെ ലൈം ഗിക പരാമര്‍ശം നടത്തിയ നടനാണ് മന്‍സൂര്‍ അലിഖാന്. നടനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ‘ലിയോ’ സിനിമയില്‍ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നടന്റെ പരാമര്‍ശം.
മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീന്‍ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെ തൃഷയ്ക്കെതിരെ മന്‍സൂര്‍ അലിഖാന് മാനനഷ്ട ഹര്‍ജി നല്‍കുകയും ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.
