Malayalam
സൗഹൃദങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതും നിലനില്ക്കേണ്ടതുമാണ്; മഞ്ജു വാര്യര്‍
സൗഹൃദങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതും നിലനില്ക്കേണ്ടതുമാണ്; മഞ്ജു വാര്യര്‍
മലയാളികളുടെ മനസില്‍ മഞ്ജുവിനെ പോലെ സ്ഥാനം പിടിച്ച മറ്റൊരു നടിയില്ല. പ്രഗല്ഭരായ ഒട്ടനവധി നടിമാര്‍ വന്നെങ്കിലും ഒരു ഘട്ടത്തില്‍ ഇവരില്‍ മിക്കവരും പ്രേക്ഷകരില്‍ നിന്നും അകന്ന് പോയിട്ടുണ്ട്. എന്നാല്‍ മഞ്ജുവിനോട് മാത്രം പ്രത്യേക മമത ജനങ്ങള്‍ക്കുണ്ട്. 15 വര്‍ഷം അഭിനയ രംഗത്ത് നിന്ന് താരം മാറി നിന്നപ്പോള്‍ പിന്നീട് വന്ന നടിമാരെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഏറെ പിന്നിട്ടിട്ടും പ്രിയ നായികയുടെ സ്ഥാനം മറ്റൊരു നടിക്ക് നല്കാന് പ്രേക്ഷകര്‍ തയ്യാറായില്ല.
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയപ്പോള്‍ സിനിമാ ലോകത്ത് വലിയ ആഘോഷമാണ് നടന്നത്. ഇക്കാലയളവിനിടെ മഞ്ജുവിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് മുന്നോട്ട് പോയ മഞ്ജു സിനിമാ ലോകത്തെ തന്റെ സ്ഥാനം തിരിച്ച് പിടിച്ചു. രണ്ടാം വരവില്‍ അടിമുടി മാറ്റങ്ങള്‍ മഞ്ജുവിന് സംഭവിച്ചു. നൃത്തത്തിലേക്കും സിനിമകളിലേക്കും പൂര്‍ണ ശ്രദ്ധ നല്കിയ താരത്തിന് സ്റ്റൈലില്‍ വലിയ മേക്കോവറും ഉണ്ടായി.
പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച മഞ്ജുവിനെ ഇന്ന് ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. യാത്രകളും സുഹൃദ്ബന്ധങ്ങളുമായി മഞ്ജു ഇന്ന് ജീവിതം ആസ്വദിക്കുന്നു. സുഹൃദ്ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതും നിലനില്‍ക്കേണ്ടതുമാണെന്ന് മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘അങ്ങനെ എഫര്‍ട്ട് എടുത്ത് ഹോള്‍ഡ് ചെയ്യേണ്ടി വന്നാല്‍ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓര്‍ഗാനിക്കാണ്. നമ്മള് ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കള്‍. എനിക്കുള്ള സുഹൃത്തുക്കള്‍ കുറേ നാള് ചിലപ്പോള്‍ ഒന്നും സംസാരിക്കില്ല. മാസങ്ങള്‍ കഴിഞ്ഞ് സംസാരിക്കുമ്പോള്‍ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിര്‍ത്താന്‍ നമ്മള് ശ്രമം നടത്തണം എന്നുണ്ടെങ്കില്‍ അതൊരു യഥാര്‍ത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നത്,’എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
സിനിമാ ലോകത്ത് നിരവധി സുഹൃത്തുക്കള്‍ മഞ്ജു വാര്യര്‍ക്കുണ്ട്. കുഞ്ചാക്കോ ബോബന്, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്. ഭാവന, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ തുടങ്ങിയവര്‍ വര്‍ഷങ്ങളായി മഞ്ജുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ പിറന്നാള്‍. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നത്. തന്റെ പിറന്നാള്‍ ആശംസിച്ചവര്‍ക്ക് നന്ദി പറഞ്ഞും മഞ്ജു എത്തിയിരുന്നു.
1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസില്‍ ‘സല്ലാപ’ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയില്‍ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.
ശേഷം സമ്മര്‍ ഇന്‍ ബത്ലഹേം, ആറാം തമ്പുരാന്, പത്രം, ദില്ലിവാല രാജകുമാരന്, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ പോകുന്നു മലയാളത്തില്‍ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവ്. നടന് മോഹന്‍ലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നവയാണ്. മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ഇരുവരും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ?ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മികച്ച അഭിനേത്രി എന്നതിന് പുറമെ താനൊരു ഗായിക കൂടിയാണെന്ന് പലയാവര്‍ത്തി മഞ്ജു തെളിയിച്ചു.
അസുരന് എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലാണ് നിലവില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മ!!ഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
