Malayalam
അപകടകരമായ റോപ്പ് സ്റ്റണ്ടുകള്‍ കൂളായി കൈകാര്യം ചെയ്ത് മഞ്ജു വാര്യര്‍; വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍
അപകടകരമായ റോപ്പ് സ്റ്റണ്ടുകള്‍ കൂളായി കൈകാര്യം ചെയ്ത് മഞ്ജു വാര്യര്‍; വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു മഞ്ജു വാര്യര്‍ സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചതുര്‍മുഖം ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഇത് നിങ്ങളെ ഭയപ്പെടുത്തുണ്ടെങ്കില്‍, ഈ ശ്രമം മികച്ചത് തന്നെയാണ്. ചതുര്‍മുഖത്തിന്റെ നിര്‍മ്മാണവേളയിലെ ഈ സ്നിപ്പറ്റ് പങ്കിടുന്നതില്‍ അതിയായ സന്തോഷം. ഏറെ അപകടം നിറഞ്ഞ സ്റ്റണ്ടുകള്‍ സുരക്ഷിതമായി ചെയ്യാന്‍ എന്നെ സഹായിച്ചതിന് ജി മാസ്റ്റര്‍ക്കും അദ്ദേഹത്തിന്റെ ബോയ്സിനും നന്ദി’, എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസ് ചെയ്തിരുന്നു. സീ 5ലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. ഏപ്രില്‍ എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം വന്നതോടെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ത്രില്ലര്‍ എന്ന ടാഗ് ലൈനുമായാണ് ചതുര്‍മുഖം റിലീസ് ചെയ്തത്.
രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണിയ്ക്കും മഞ്ജുവിനും പുറമേ ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
