Malayalam
എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ
എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.
തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഒരു പെറ്റ് ഡോഗിനൊപ്പമുള്ള ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചത്. സംവിധായകൻ ജിസ് ജോയിയാണ് നായക്കുട്ടിയെ ഓമനിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. കാഷ്വൽ വെയറിൽ സിംപിൾ ലുക്കിലാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയെക്കാൾ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് ചിത്രത്തിന് നടി നൽകിയ ക്യാപ്ഷനാണ്.
എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു എന്നാണ് മഞ്ജു കുറിച്ചത്. ഫോട്ടോയും ക്യാപ്ഷനും വൈറലായതോടെ നടിയുടെ മുൻകാല ജീവിതവുമായി ബന്ധപ്പെടുത്തി അടക്കം പ്രേക്ഷകർ കമന്റുകൾ കുറിച്ച് തുടങ്ങി. സ്നേഹിച്ചാൽ നൂറ് ഇരട്ടി സ്നേഹം തിരിച്ച് തരുന്നവരാണ് വളർത്ത് മൃഗങ്ങൾ. സ്നേഹിക്കാൻ മാത്രം അറിയാം. മനുഷ്യരെ പോലെ അല്ല. എത്ര സ്നേഹിച്ചാലും നന്ദി ഇല്ലാത്തത് മനുഷ്യനാണ്, ഒന്ന് സ്നേഹിച്ചാൽ ഒരു നേരത്തെ ആഹാരം കൊടുത്താൽ ഒരു ജന്മം മുഴുവൻ നമുക്കായി മാറ്റിവെയ്ക്കുന്നവരാണ്.
സ്നേഹത്തിന് ഇരട്ടി തിരിച്ചറിവുള്ളത് മനുഷ്യരെക്കാളും മൃഗങ്ങൾക്ക് തന്നെയാണ്, വിശ്വസിച്ച് സ്നേഹിക്കാവുന്നവരാണ് എന്നിങ്ങനെയാണ് കമന്റുകൾ. ചിലർ പെറ്റ് ഡോഗ് ആരുടേതാണെന്ന് തിരക്കിയും കമന്റുകളായി പലരും കുറിച്ചിട്ടുണ്ട്. മറ്റ് ചിലരുടെ സന്തോഷം ഒരിടവേളയ്ക്കുശേഷം മഞ്ജുവിനെ വീണ്ടും സോഷ്യൽമീഡിയയിൽ ആക്ടീവായി കണ്ടതിലായിരുന്നു. മഞ്ജു എന്നും സന്തോഷത്തോടെ ഇങ്ങനെ ചിത്രങ്ങൾ പങ്കിടുന്നത് തന്നെ വലിയൊരു മോട്ടിവേഷനാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടി സംവിധാന രംഗത്തേക്ക് കടക്കുമോ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചിരുന്നത് വാർത്തയായിരുന്നു. തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മേഖലയാണ് സംവിധാനം. നിർമാണത്തിലേക്ക് കടന്നുവെങ്കിലും സംവിധാനത്തിലേക്ക് കടക്കില്ലെന്നും അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട കാര്യമാണെന്നും മഞ്ജു പറയുന്നു.
എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോൾ ഞാൻ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ്. സംവിധായകൻ അല്ലെങ്കിൽ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല. അപ്പോൾ സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ എന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസും യുവത്വവും നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. ഈ പ്രായത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് പലരും ചോദിക്കാറുണ്ട്.
തന്റെ ഇരുപതുകളിൽ പോലും മഞ്ജു ഇത്ര സുന്ദരിയായിരുന്നില്ലെന്നാണ് ആരാധകർ പറയുന്നു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം പുഞ്ചിരി മാത്രമാണ് താരത്തിന്റെ മറുപടി. മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൗന്ദര്യത്തിനല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉത്തരം ഒഴിഞ്ഞ് മാറൽ മാത്രമാണെന്നാണ് പലരും പറയാറുള്ളത്.
മഞ്ജു സർജറി ചെയ്തുവെന്നും ഇതിനായി ലക്ഷങ്ങളാണ് മുടക്കിയതെന്നും വിദേശത്ത് പോയി സർജറി ചെയ്തുവെന്നുമെല്ലാമാണ് നടിയെ കുറിച്ച് പലരും പറയാറുള്ളത്. എന്നാൽ ഇതേക്കുറിച്ച് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ. ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഫാത്തിമ നിലുഫർ ഷെരിഫ് പറഞ്ഞത്. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറയുന്നു.
എർസി പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറി ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ നിരവധി തവണ വാദം വന്നിട്ടുണ്ട്. പഴയ മഞ്ജുവിൽ നിന്നും വലിയ മാറ്റം ഇന്ന് താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കരിയറിൽ ഇന്നും താരമൂല്യം നിലനിൽക്കുന്നതിന് മഞ്ജു വാര്യർ തന്റേതായ പ്രയത്നം നടത്തുന്നുണ്ട്. സ്കിൻ കെയറിനും ഫിറ്റ്നെസും ഇതിലൊന്നാണ്.
യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളിൽ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കൽ മഞ്ജു വാര്യർ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകൾ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി. അതേസമയം സൗന്ദര്യത്തിന്റെ കാര്യത്തിൽ മഞ്ജു ശ്രദ്ധ നൽകുന്നുണ്ട് എന്ന് വ്യക്തമാണ്. ഇവന്റുകളിലും മറ്റും വളരെ സ്റ്റൈലിഷായാണ് മഞ്ജു ഇപ്പോൾ എത്താറ്.
തന്റെ കരിയൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും രഹസ്യ വിവാഹം. അതോടെ അഭിനയം ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേയ്ക്ക് മഞ്ജു എത്തി. എന്നാൽ വിവാഹ മോചന ശേഷം വമ്പൻ തിരിച്ച് വരവ് തന്നെയായിരുന്നു നടി നടത്തിയിരുന്നത്. പലപ്പോഴും മഞ്ജുവിന്റെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
2013 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷമായി പോയിരുന്ന ദാമ്പത്യ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് മുമ്പ് ദിലീപ് പറഞ്ഞിരുന്നത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു.
വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്.
തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി.
മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കി. അന്നത്തെ അഭിമുഖത്തിൽ ഇനിയൊരു വിവാഹം കഴിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും, 2016ൽ കാവ്യ മാധവനെ വിവാഹം കഴിച്ചു.
തന്റെ മകൾ മീനാക്ഷിയാണ് തന്നെ വീണ്ടും വിവാഹിതനാവാൻ നിർബന്ധിച്ചതെന്ന് അന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു മകൾ. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.
2014 ജൂലൈയിൽ, ദിലീപിൻറെയും മഞ്ജു വാര്യരുടെയും വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ വന്ന റിപ്പോർട്ട് അനുസരിച്ച്, ബന്ധം പിരിയുമ്പോൾ ജീവനാംശം വേണ്ടെന്ന് പ്രമുഖ താരം തീരുമാനിച്ചിരുന്നു. വിവാഹമോചനത്തിനായുള്ള നടപടികൾ എടുത്തപ്പോൾ മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ടെന്ന് നടി തീരുമാനിച്ചു എന്നാണ് അന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. ഇത് കൂടാതെ, മഞ്ജുവിന്റെയും ദിലീപിന്റെയും സംയുക്തമായ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുകയും കൂടി ചെയ്തിട്ടാണ് നടി പടിയിറങ്ങിയത്.
