Actress
പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയെയും കണ്ട് വളർന്നത് കൊണ്ടാവാം; മഞ്ജു വാര്യർ
പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയെയും കണ്ട് വളർന്നത് കൊണ്ടാവാം; മഞ്ജു വാര്യർ
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മഞ്ജുവിന് എങ്ങനെയാണ് ഇത്രയേറെ പോസിറ്റീവായിരിക്കാൻ സാധിക്കുന്നതെന്ന് ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് മഞ്ജു മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയെയും കണ്ട് വളർന്നത് കൊണ്ടാവാം. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴുമെല്ലാം അവരുടെ മനക്കരുത്ത് താൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അമ്മയ്ക്കൊപ്പം അധികം സമയം ചെലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ എന്നാലും അതിലൊന്നും പരാതിയോ സങ്കടമോ അമ്മയ്ക്കില്ല. എന്നേക്കാളും തിരക്കിൽ ഓടി നടക്കുകയാണ് അമ്മ.
ആർട്ട് ലിവിംഗിന്റെ പ്രവർത്തനങ്ങളുണ്ട്. ഡാൻസും പാട്ടും പഠിക്കുന്നുണ്ട്. തിരുവാതിരക്കളിയുടെ ഗ്യാങ്ങുണ്ട് അമ്മയ്ക്ക്. ഇപ്പോൾ വീട്ടിൽ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിച്ചിട്ട് വേണം പോകാൻ. അസുഖം വന്ന ശേഷം അമ്മ ബ്ലോസം ചെയ്ത് ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നു.
അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമാണോ എന്നറിയില്ല. നാളെ എനിക്കും അങ്ങനെയൊരു അസുഖം വന്നാൽ പോലും എത്ര മനോഹരമായി അതിൽ നിന്നും പുറത്ത് വന്ന് പഴയതിലും സുന്ദരമായി ജീവിക്കാമെന്ന് ഞാൻ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
അമ്മ മാത്രമല്ല, ഞാൻ ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അറിഞ്ഞോ അറിയാതെയോ എന്നെ സ്വാധീനിക്കാറുണ്ടെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞു.
സ്തനാർബുദ ബാധിതയായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ. ഇതേക്കുറിച്ച് ഗിരിജ വാര്യർ തന്നെ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. 20 വർഷം മുമ്പാണ് കാൻസർ ബാധിച്ചത്. മഞ്ജു മകളെ പ്രസവിച്ച സമയം. സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോൾ അസുഖം സ്ഥിരീകരിച്ചു. ആദ്യം കാര്യമാക്കിയില്ല.
മകളുടെ ചോറൂണൊക്കെ വന്നപ്പോൾ ചികിത്സ നീട്ടി വെച്ചു. പക്ഷെ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അസുഖ സമയത്ത് ഭർത്താവായിരുന്നു നോക്കിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ഒറ്റപ്പെടൽ ഒഴിവാക്കാൻ കലാ ജീവിതം തെരഞ്ഞെടുത്തു. മക്കൾ ജോലിത്തിരക്കിലായതിനാൽ ഞാൻ ഒറ്റപ്പെടരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു.
അമ്മയുടെ ജീവിതത്തിൽ സന്തോഷമുള്ള കാര്യം ചെയ്യണം എന്നാണ് മക്കൾ എപ്പോഴും എന്നോട് പറഞ്ഞത്. അങ്ങനെയാണ് നൃത്തയോഗയിൽ തുടക്കം കുറിച്ചത്. ഒപ്പം മോഹിനിയാട്ടവും പഠിച്ചു എന്നുമാണ് ഗിരിജ വാര്യർ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചത്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും.
വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷകരെ നിരാശപ്പെടുത്തിയില്ല. മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ് മഞ്ജു.
