Malayalam
നാളുകൾക്ക് ശേഷം അമ്മ വേദിയിലെത്തി മഞ്ജു വാര്യർ; ശ്രദ്ധേയമായി നടിയുടെ സാന്നിധ്യം
നാളുകൾക്ക് ശേഷം അമ്മ വേദിയിലെത്തി മഞ്ജു വാര്യർ; ശ്രദ്ധേയമായി നടിയുടെ സാന്നിധ്യം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വനിതാ താരങ്ങളുടെ കൂട്ടയ്മയായ ഡബ്ല്യുസിസിയുടെ രൂപീകരണവും തുടർന്നുണ്ടായ സംഭവങ്ങളും വലിയ തോതിൽ ചർച്ചയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തോടും പ്രതിയായ നടൻ ദിലീപിനോടും അമ്മ സംഘടന സ്വീകരിച്ച നിലപാടിനോട് കലഹിച്ചായിരുന്നു നടിമാരുടെ കൂട്ട രാജി.
ഇതിന് ശേഷം ഡബ്ല്യുസിസി വന്നെങ്കിലും അതിജീവിതയുടെ അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യർ അമ്മയിൽ തുടർന്നു. രാജി വെച്ചില്ലെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ മഞ്ജു സജീവമായിരുന്നില്ല. അമ്മയുടെ പരിപാടികളിലൊന്നും മഞഅജുവിനെ കാണാറില്ലായിരുന്നു. എന്നാൽ അടുത്തിടെ മഞ്ജു വാര്യർ വീണ്ടും അമ്മ വേദിയിൽ എത്തിയിരുന്നു.
അമ്മയുടെ സഞ്ജീവനി ജീവൻ രക്ഷാ പദ്ധതി ഉദ്ഘാടനത്തിനാണ് മഞ്ജു വാര്യർ എത്തിയത്. അമ്മയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു പരിപാടി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസൻ അടക്കമുളളവരും റിപ്പബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയും വളരെക്കാലത്തിന് ശേഷമാണ് അമ്മയിൽ സജീവമായിരിക്കുന്നത്. ഡബ്ല്യൂസിസി സ്ഥാപകാംഗം കൂടിയായ മഞ്ജുവിനെ അമ്മ പരിപാടിയിൽ കണ്ട അമ്പരപ്പിലാണ് ആരാധകർ.
വിവാഹ മോചനത്തിന് ശേഷം സിനിമയിൽ സജീവമായെങ്കിലും അമ്മ പരിപാടികളിൽ മഞ്ജു വാര്യരെ കാണുക പതിവില്ലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുൻപ് വരെ സംഘടനയിലെ ശക്തമായ സാന്നിധ്യമായിരുന്നു ദിലീപ്. എന്നാൽ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ സംഘടന ദിലീപിനെ പുറത്താക്കി. പിന്നീട് തിരിച്ച് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ദിലീപ് പഴയത് പോലെ ഇപ്പോൾ അമ്മയിൽ സജീവമല്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അമ്മ വേദിയിലെ മഞ്ജു വാര്യരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്.
ഇടക്കാലത്ത് മഞ്ജു വാര്യർ ഡബ്ല്യൂസിസിയിൽ നിന്ന് രാജി വെച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഡബ്ല്യൂസിസി രൂപീകരണത്തിലും പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കുന്നതിലും അടക്കം സംഘടനയ്ക്ക് ഒപ്പം നിന്ന മഞ്ജുവിനെ പിന്നീട് സജീവമായി കണ്ടിരുന്നില്ല. ഇതോടെയാണ് ഡബ്ല്യൂസിസിയുടെ നിലപാടുകളോട് താരത്തിന് വിയോജിപ്പ് ഉണ്ടെന്നും അതിനാൽ സംഘടന വിടുകയാണ് എന്നും പ്രചരിച്ചത്.
എന്നാൽ മഞ്ജു വാര്യർ ഡബ്ല്യൂസിസിക്ക് ഒപ്പം തന്നെ ഉണ്ടെന്നും തിരക്ക് കാരണം പഴയത് പോലെ സജീവമാകാൻ പറ്റിക്കൊള്ളണമെന്നില്ലെന്നുമാണ് നടി സജിത മഠത്തിൽ ഒരു അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയത്. മഞ്ജു വാര്യർ വിമൻ കളക്ടീവ് വിട്ടതായി സംഘടനയോ മഞ്ജുവോ ഇതുവരെ പറഞ്ഞിട്ടുമില്ല. അതിനിടെ ഹേമാ കമ്മിറ്റിക്ക് മുന്നിൽ മലയാള സിനിമയിൽ പ്രശ്‌നങ്ങളില്ലെന്ന് ഒരു പ്രമുഖ നടി മൊഴി നൽകിയെന്നും അത് മഞ്ജു ആണെന്നുമുളള തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.
ഇത്തരം പ്രചാരണങ്ങളെ തള്ളിക്കൊണ്ട് ഡബ്ല്യൂസിസി തന്നെ രംഗത്ത് വന്നു. അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ഇപ്പോഴത്തെയും സ്ഥാപകാംഗം എന്നാണ് മഞ്ജു വാര്യരുടെ പേര് പറയാതെ ഫേസ്ബുക്കിൽ ഡബ്ല്യൂസിസി വിശദീകരിച്ചത്. തിരക്ക് കാരണമാണ് വനിതാ കൂട്ടായ്മയിൽ മഞ്ജു വാര്യർക്ക് സജീവമാകാൻ സാധിക്കാത്തത് എങ്കിൽ എങ്ങനെ അമ്മ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് വന്ന സമയത്തും മഞ്ജുവിന് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.
ഡബ്ല്യുസിസിയുടെ വരവോടെ പാർവതി തിരുവോത്ത് രമ്യ നമ്പീശൻ തുടങ്ങിയ നടിമാർക്ക് മലയാള സിനിമയിൽ അവസരം കുറഞ്ഞെന്നും എന്നാൽ സ്ഥാപകയായിരുന്ന നടിയ്ക്ക് കൈനിറയെ അവസരമാണെന്നും ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ സിനിമാ മേഖലയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നാണ് ഈ നടി മൊഴി നൽകിയത്. പിന്നാലെ ഈ നടി മഞ്ജു വാര്യരാണെന്നാണ് പലരും പറഞ്ഞിരുന്നത്. നടിയ്ക്ക് വലിയ രീതിയിൽ വിമർശനവും കേൾക്കേണ്ടി വന്നിരുന്നു.
