Malayalam
മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്, പുതിയ നീക്കവുമായി കോടതി!!
മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്, പുതിയ നീക്കവുമായി കോടതി!!
നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്ന സമയം അവസാനിപ്പിച്ചു. ഈ വര്‍ഷം ജനുവരി 31 ന് മുമ്പായി കേസിന്റെ വിചാരണ നടപടികള്‍ തീര്‍ക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിചാരണ കോടതിയോട് നിര്‍ദേശിച്ചത്.
എന്നാല്‍ ഈ തിയത് അവസാനിച്ചിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്തെ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ ഇപ്പോള്‍ നടന്ന് വരുന്നത്.
സുപ്രീം കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതോട് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൂടുതല്‍ സമയംചോദിക്കും. കേസില്‍ കൂടുതല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ കൂടുതല്‍ സമയംവേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ വിചാരണക്കോടതി ഒരുങ്ങുന്നത്. അടുത്തദിവസംതന്നെ ഇതിനുള്ള അപേക്ഷ നല്‍കിയേക്കും.
നേരത്തെ കേസിന്റെ വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകളും തെളിവുകളുമായി മുന്നോട്ട് വരുന്നത്. ഇതോടെ പുതിയ കേസും തുടരന്വേഷണവും പ്രഖ്യാപിച്ചതോടെ വിചാരണ താല്‍ക്കാലികമായെങ്കിലും നിലയ്ക്കുകയായിരുന്നു.
ഇക്കാലയളവില്‍ കോടതി മാറ്റ് തന്നെ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒട്ടനവധി ഹര്‍ജികളും ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരേയെത്തി. എന്നാല്‍ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയായ നടിയുടെ ആവശ്യം ഒരു കോടതിയും അംഗീകരിച്ചില്ല. പിന്നീട് കേസിലെ തുടരന്വേഷണം അവസാനിച്ച് അധിക കുറ്റപത്രം നല്‍കിയതോടെയാണ് കേസിന്റെ വിചാരണം വീണ്ടും പുനഃരാംരഭിച്ചത്.
പുതിയ സാക്ഷികള്‍ക്കും തെളിവുകള്‍ക്കുമൊപ്പം നേരത്തെ വിസ്തരിച്ച മഞ്ജു വാര്യര്‍, സാഗര്‍ വിന്‍സന്റ്, ജിന്‍സണ്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് പ്രകാരമുള്ള വിചാരണ നടപടികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇതിനിടയിലാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ അസുഖം ബാധിച്ച് ആശുപത്രിയിലാവുന്നത്.
ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ നിലവില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രോസിക്യൂഷന്‍.
അസുഖബാധിതനായതിനാല്‍ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കോടതി പരിഗണിക്കാനാണ് സാധ്യത.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് വീട്ടില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും കേസില്‍ വി ഐ പി യെന്ന് വിളിക്കപ്പെട്ട വ്യക്തിയാണ് നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചതെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. കേസില്‍ വെളിച്ചം വീശുന്ന നിരവധി ഓഡിയോകളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ ഏറ്റവും സുപ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൊഴികള്‍! കേസിന്റെ ഗതിയെ തന്നെ മാറ്റിയേക്കുമെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.എന്നാല്‍ ബാലചന്ദ്രകുമാറിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷന്‍ വിസ്താരം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇനി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് നടക്കാനുള്ളത്.
ദിലീപിന്റെ അഭിഭാഷകരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന കാര്യം അതിജീവിത വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ കൂറുമാറ്റല്‍ തുടങ്ങി വലിയ ആരോപണങ്ങളാണ് അതിജീവിത ഉന്നയിക്കുന്നത്. ഈ ആവശ്യം കോടതിയില്‍ വീണ്ടും ശക്തമാക്കുമെന്നാണ് അതിജീവിതയുടെ അഭിഭാഷകയും വ്യക്തമാക്കിയത്.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാനായി ദിലീപിന്റെ അഭിഭാഷകര്‍ ഇടപെടല്‍ നടത്തിയതായുള്ള ആക്ഷേപങ്ങളും ചില ശബ്ദരേഖകളും നേരത്തേ പുറത്തുവന്നിരുന്നു. മാത്രമല്ല ദിലീപിന്റെ മൊബാല്‍ ഫോണ്‍ മുംബൈയിലെ സ്വകാര്യ ലാബില്‍ നിന്നും ശേഖരിക്കാന്‍ പോയത് അഭിഭാഷകര്‍ ആണെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി കേസിലെ മാപ്പ് സാക്ഷിയും സൈബര്‍ വിദഗ്ദനുമായ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
