Actress
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
അറ്റ്‌ലി-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്‍. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇതിന് പിന്നാലെ നയന്‍താര തമിഴില്‍ രണ്ട് പുതിയ സിനിമകള്‍ക്കായി കൈകൊടുത്തിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സംവിധായകന്‍ മിത്രന്‍ ആര്‍ ജവഹറിനൊപ്പം ഒരു പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്ന നടി കൂടിയായ നയന്‍താരയുടെ അടുത്ത പ്രൊജക്ടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒപ്പം മോഹന്‍ രാജ സംവിധാനം ചെയ്യാനിരിക്കുന്ന ‘തനി ഒരുവന്‍ 2’ലും നായികയായി നയന്‍സ് അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജയം രവി, നയന്‍താര, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015ല്‍ പുറത്തിറങ്ങിയ ‘തനി ഒരുവന്‍’ ബ്ലോക്ക്ബസ്റ്ററായിരുന്നു. ജയം രവിയും നയന്‍താരയും അഭിനയിക്കുന്ന രണ്ടാം ഭാഗത്തിനായി മോഹന്‍രാജ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുപുറമെ, ജയം രവിനയന്‍താര പ്രധാന വേഷത്തിലെത്തുന്ന അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവന്‍’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
കരിയറില്‍ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടിയുടെ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം നയന്‍താര തന്നെ വെളിപ്പെടുത്തിയിരുന്നു. ഹിന്ദിയില്‍ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നടി പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കണക്റ്റി’ന്റെ പ്രചരണ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
‘നേരത്തെയുള്ള സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം’ എന്നും നയന്‍താര പറഞ്ഞു. അതേസമയം, അടുത്തിടെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്നാണ് നയന്‍താര പറയുന്നത്. കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയില്‍ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയന്‍താര പറഞ്ഞു. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി.
