Malayalam
ലളിതാമ്മ എവിടെ പോയിട്ട് തിരികെ വന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ളവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ട് വരും, എനിക്കും തന്നിട്ടുണ്ടെന്ന് മഞ്ജു പിള്ള; വൈറലായി സിദ്ധാർത്ഥിന്റെ പ്രതികരണം
ലളിതാമ്മ എവിടെ പോയിട്ട് തിരികെ വന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ളവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ട് വരും, എനിക്കും തന്നിട്ടുണ്ടെന്ന് മഞ്ജു പിള്ള; വൈറലായി സിദ്ധാർത്ഥിന്റെ പ്രതികരണം
മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങൾ ഒന്നുമില്ല. കെപിഎസി ലളിതയെന്ന പേര് കേട്ടാൽ മനസിലെത്തുന്നത് ചുവന്ന പൊട്ടും ചന്ദനക്കുറിയുമിട്ട് ചിരിച്ച് സന്തോഷവതിയായിരിക്കുന്ന രൂപമാണ്.
ആ ചിത്രം മനസിൽ പതിഞ്ഞ ഒരു മലയാളിയ്ക്കും പ്രേക്ഷകരുടെ സ്വന്തം ലളിതാമ്മ ഈ ലോകത്തില്ലെന്ന് വിശ്വിസിക്കാനാകില്ല. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത.
ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ കമലും നടി മഞ്ജു പിള്ളയും. രമേഷ് പിഷാരടി അവതാരകനായി എത്തുന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് നടിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ആ പരിപാടിയിൽ ഇവർക്കൊപ്പം കെപിഎസി ലളിതയുടെ മകനായ സിദ്ധാർഥ് ഭരതനും പങ്കെടുത്തിരുന്നു.
കെപിഎസി ലളിതയെ ഒരു കഥാപാത്രത്തിലേയ്ക്ക് തീരുമാനിച്ചാൽ അവരുയുടേതായ നിരീക്ഷണത്തിലൂടെ കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ടാവുമെന്നാണ് കമൽ പറയുന്നത്. പരിചയപ്പെടുന്ന ആർക്കും അവരെ കുറിച്ചുള്ള ഒരു അനുഭവം പറയാനുണ്ടാവും. ആ കാലഘട്ടത്തിൽ ചേച്ചിയ്ക്ക് വേണ്ടി മാത്രം ഒരുക്കുന്ന കഥാപാത്രങ്ങളുണ്ടായിരുന്നു.
കെപിഎസി ലളിത തന്നെ ഈ റോൾ ചെയ്യണമെന്ന് പറയുന്നവരുണ്ടായിരുന്നു. ഒരു കഥാപാത്രം മനസിലേക്ക് വന്ന് കഴിഞ്ഞാൽ അത് കെപിഎസി ലളിത അവതരിപ്പിച്ചാലേ നന്നാവുകയുള്ളു എന്ന് പറഞ്ഞ് സംവിധായകർ കഥാപാത്രത്തിനെ മോൾഡ് ചെയ്യുമെന്നും കമൽ പറയുന്നു. മാത്രമല്ല, ശുഭയാത്ര എന്ന സിനിമയിൽ അവിടെയുള്ള മലയാളികളെയും കൂട്ടിയാണ് ചെയ്തത്. ലിമിറ്റഡ് ആയിട്ടുള്ള ആളുകളെയും കൊണ്ടാണ് ബോംബെയിലേക്ക് അന്ന് പോയതെന്ന് കമൽ പറയുന്നു.
ഇതിന് പിന്നാലെ ആ സിനിമയെ കുറിച്ച് തനിയ്ക്കുള്ള ഓർമ്മയെ കുറിച്ച് സിദ്ധാർഥ് ഭരതനും പറഞ്ഞിരുന്നു. അന്ന് ബോംബെയിലെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ബിഎംഎക്‌സിന്റെ മഞ്ഞ സൈക്കിളും വാങ്ങി കൊണ്ടാണ് അമ്മ വന്നത്. ആദ്യത്തെ ബിഎംഎക്‌സ് സ്റ്റണ്ട് സൈക്കിളാണത്. അതും ബോംബെയിൽ നിന്നും വരുന്നത്.
അതിന് ശേഷം അമ്മയെപ്പോഴാണ് അവിടേക്ക് വീണ്ടും ഷൂട്ടിങ്ങിന് പോകുന്നതെന്ന് ഞാൻ ചോദിക്കുമായിരുന്നു. കാരണം അവിടേക്ക് പോയി തിരികെ വരുമ്പോൾ വേറെയും സാധനങ്ങൾ കൊണ്ട് വരുമല്ലോ എന്നാണ് താൻ ചിന്തിച്ചിരുന്നതെന്ന് സിദ്ധാർഥ് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ തനിക്കും ഇതുപോലൊരു അനുഭവമുണ്ടെന്ന് നടി മഞ്ജു പിള്ളയും പറഞ്ഞു.
ലളിതാമ്മ എവിടെ പോയിട്ട് തിരികെ വന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ളവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ട് വരും. ഞാനുമായി അടുപ്പത്തിലായതിന് ശേഷം എവിടെ പോയാലും മകൾ ശ്രീക്കുട്ടിയ്ക്ക് വാങ്ങിക്കുന്നതിനൊപ്പം എനിക്കും വാങ്ങിക്കും. അത് പ്രത്യേകമായൊരു ഓർമ്മയാണെന്ന് എന്ന് മഞ്ജു പറഞ്ഞു. ഇതിന് തമാശരൂപേണ ആ ചതി ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. ഇത്രയും വർഷമായിട്ട് അത് അറിഞ്ഞില്ലല്ലോ എന്നാണ് സിദ്ധാർഥ് പറഞ്ഞത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2022 ഫെബ്രുവരി 22 നായിരുന്നു നടി കെപിഎസി ലളിത ഈ ലോകത്തോട് വിടപറഞ്ഞത്. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, ആദ്യത്തെ കൺമണിയിലെ മാളവികയെല്ലാം അതിൽ ചില ഉദാഹരണങ്ങൾ മാത്രം. അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയിൽ നിറഞ്ഞാടിയിട്ടുണ്ട്.
