News
31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും; രജിനാകാന്തും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും; രജിനാകാന്തും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
നീണ്ട നാളുകള്‍ക്ക് ശേഷം രജിനികാന്തിനൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന് മണിരത്നം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ രജനികാന്ത് കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ ഒരു സിനിമയായിരിക്കും മണിരത്നം സംവിധാനം ചെയ്യുക.
31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിനാകാന്തും മണിരത്നവും ഒന്നിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ‘ദളപതി’യാണ് ഇരുവരും ഒരുമിച്ച ഏക സിനിമ. ചിത്രത്തിനായുള്ള തിരക്കഥ പൂര്‍ത്തിയായിട്ടില്ല. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.
2023ലാണ് പെന്നിയിന്‍ സെല്വന് 2ന്റെ റിലീസ്. സിനിമയുടെ റിലീസിനിടയില്‍ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്റെ ഓഡിയോ ലോഞ്ച് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ രജനീകാന്ത് സജീവ സാന്നിധ്യമായിരുന്നു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പാന്‍ രജനികാന്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പെരിയ പഴുവേട്ടരായര്‍ എന്ന കഥാപാത്രം തനിക്ക് നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍ നിങ്ങളുടെ ആരാധകരാല്‍ ഞാന്‍ അപമാനിതനാകണം എന്നാണോ ആഗ്രഹം’ എന്നായിരുന്നു മണിരത്നത്തിന്റെ മറുചോദ്യം. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ ആവശ്യം അംഗീകരിക്കുമായിരുന്നു. പക്ഷേ, മണി അത് ചെയ്യില്ല, അതാണ് മണിരത്നം എന്ന സംവിധായകന് എന്നും രജനികാന്ത് പറഞ്ഞു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ ആണ് രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2023 ഏപ്രിലില്‍ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലക്ഷ്യമിടുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്.
