News
റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിച്ചു; ആരോപണത്തിന് പിന്നാലെ മനേക ഗാന്ധിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി യൂട്യൂബര്‍
റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിച്ചു; ആരോപണത്തിന് പിന്നാലെ മനേക ഗാന്ധിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി യൂട്യൂബര്‍
കഴിഞ്ഞ ദിവസമായിരുന്നു റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിക്കുന്നതുമായ ബന്ധപ്പെട്ട കേസില്‍ ബിഗ് ബോസ് ജേതാവും യൂട്യൂബറുമായ എല്‍വിഷ് യാദവിന്റെ പേര് ഉയര്‍ന്ന് വന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടക്കുന്ന പാര്‍ട്ടികളില്‍ ഇവ എത്തിക്കുന്നത് എല്‍വിഷ് ആണെന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ആരോപിച്ചിരുന്നു.
ഇപ്പോഴിതാ മനേകയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുകയാണ് എല്‍വിഷ്. തന്റെ വ്ലോഗിലൂടെയാണ് മനേകയ്ക്കെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങുന്ന വിവരം എല്‍വിഷ് യാദവ് അറിയിച്ചത്. മനേകയുടെ ആരോപണം തന്റെ നല്ല പേരിന് കളങ്കമുണ്ടാക്കിയതായും യഥാര്‍ത്ഥ വസ്തുത വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘മനേകാ ഗാന്ധി എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചു. എന്നെ പാമ്പുകളെ വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനെന്നാണ് വിശേഷിപ്പിച്ചത്. ഞാന്‍ അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ്. അവരെ വെറുതെവിടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളാലോചിച്ച് സമയം കളയേണ്ടെന്ന് മുമ്പ് കരുതിയിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ നല്ല പേരിന് കളങ്കമുണ്ടായിരിക്കുന്നു.’ എല്‍വിഷ് വ്ലോഗില്‍ പറഞ്ഞു.
‘ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നവര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്നെ വിലയിരുത്തരുത്. കാത്തിരിക്കൂ. പോലീസ് അന്വേഷണം തുടങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വീഡിയോയും ഞാന്‍ ഷെയര്‍ ചെയ്യും. ഞാന്‍ എല്ലാം കാണിച്ചു തരാം. ഞാന്‍ ഇത് പറയുന്നത് വളരെ ആത്മവിശ്വാസത്തോടെയാണ്. ഈ കേസില്‍ എല്‍വിഷ് യാദവിന് പങ്കില്ലെന്ന വാര്‍ത്താക്കുറിപ്പും പുറത്തിറങ്ങും. ദയവായി അത് കാണുക, അതും പങ്കുവെയ്ക്കുക,’ യാദവ് കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന് വിഷവും വിതരണം ചെയ്ത സംഭവത്തില്‍ എല്‍വിഷ് യാദവ് അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തത്. എല്‍വിഷ് യാദവാണ് റേവ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ എല്‍വിഷ് ഒഴികെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ അനിമല്‍ (പി.എഫ്.എ.) എന്ന എന്‍.ജി.ഒ. നല്കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടര്‍ ഒന്നില്‍ നടക്കുകയായിരുന്ന റേവ് പാര്‍ട്ടിയിലേക്ക് പോലീസ് എത്തിയത്.
പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എന്‍.ജി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന 25 മില്ലീലിറ്ററോളം നിരോധിത പാമ്പിന്‍വിഷം പിടിച്ചെടുത്തത്. അഞ്ച് മൂര്‍ഖന്‍ പാമ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് വിഷപ്പാമ്പുകളെയും ഒരു പെരുമ്പാമ്പിനെയും ഒപ്പം പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍വിഷ് യാദവിന്റെ പേര് പോലീസിന് ലഭിച്ചത്. എല്‍വിഷിന്റെ പാര്‍ട്ടികളില്‍ പാമ്പിന്‍വിഷം എത്തിക്കുന്നത് തങ്ങളാണെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
വന്യജീവി നിയമത്തിലെ 9, 39, 49, 50, 51, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുകളനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 2023 ലെ ബിഗ് ബോസ് ഒ.ടി.ടി. രണ്ടാം സീസണിലെ വിജയിയാണ് എല്‍വിഷ് യാദവ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി വിജയിയാവുന്ന ആദ്യ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയാണ് ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ എല്‍വിഷ്.
