Malayalam
മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍
മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍
മലയാള സിനിമാ പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് മാമുക്കോയ. ഹാസ്യത്തിന്റെ വേറിട്ട മുഖമായി, പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിച്ചെന്ന നടന്, ഹാസ്യ സാമ്രാട്ട് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് മാമൂക്കോയ അവതരിപ്പിച്ചുവെച്ച പല ഡയലോഗുകളും കഥാപാത്രങ്ങളും ഇന്നും മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്നതാണ്. ഗഫൂര്‍ക്കയും ഹംസക്കോയയും പൊതുവാള്‍ജിയും കീലേരി അച്ചുവുമെല്ലാം ആ കഥാപാത്രങ്ങളില്‍ ചിലത് മാത്രം.
കോഴിക്കോടന്‍ സംസാരശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് മുഹമ്മദ് എന്ന മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയ്ക്കും മുന്‍പ് കുതിരവട്ടം പപ്പു തന്റെ കോഴിക്കോടന്‍ ശൈലി മലയാള സിനിമയില്‍ പയറ്റി വിജയിപ്പിച്ചിരുന്നെങ്കിലും അതില്‍നിന്ന് നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയ സ്വന്തം സ്റ്റൈല്‍ ആക്കി മാറ്റിയത്.
കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്.
മാമുക്കോയയ്ക്ക് ശേഷം കോഴിക്കോടന്‍ ശൈലിയുമായി പുതുതലമുറയിലെ താരങ്ങള്‍ പലതും എത്തിയെങ്കിലും മാമുക്ക ഉണ്ടാക്കിയ ഓളം മറ്റാരും സൃഷ്ടിച്ചിട്ടില്ല. ഉരുളക്കുപ്പേരി പോലെയാണ് മാമുക്കോയയുടെ കഥാപാത്രങ്ങള്‍ മറുപടി പറഞ്ഞിരുന്നത്.
തിരക്കഥയിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ക്ക് പുറമേ പലതും സ്വന്തം കയ്യില്‍ നിന്ന് എടുത്തിടുന്നതാണ്. മലയാളത്തിലെ ഹാസ്യസാമ്രാട്ടുകളുടെ കൂട്ടത്തില്‍ തന്നെ തഗ്ഗുകളുടെ സുല്‍ത്താനായി അവരോധിച്ചത് സോഷ്യല്‍ മീഡിയയുടെ സജീവകാലത്താണ്. സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ.
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടക പ്രവര്‍ത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1946 ല്‍ കോഴിക്കോട് ജില്ലയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി ആയിരുന്നു ജനനം. നാടകത്തിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള രംഗപ്രവേശനം. പഠനകാലത്തു തന്നെ സ്കൂളില്‍ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു.
പിന്നീട് സത്യന് അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ തിളങ്ങി. കോമഡി മാത്രമല്ല ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന് കൂടിയായായിരുന്നു അദ്ദേഹം. ‘പെരുമഴക്കാല’ത്തിലെ അബ്ദു അതിനുദാഹരണമായിരുന്നു.
ഈ കഥാപാത്രത്തിനെ അനശ്വരമാക്കിയതിന് 2004ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മാമുക്കോയയ്ക്ക് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ അഭിനയത്തിന് 2008ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും 1997 ല്‍ ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
മാമുക്കോയയ്ക്കു ചെറുപ്പത്തിലേ ഉള്ള താല്പര്യമായിരുന്നു ഫുട്ബോളിനോട്. വാര്ധക്യത്തോട് അടുത്ത പ്രായത്തിലും അവസരം കിട്ടിയാല്‍ അദ്ദേഹം ഫുട്ബോള്‍ കളിച്ചു. ടിവിയില്‍ ഫുട്ബോള്‍ ഉണ്ടെങ്കില്‍ രാത്രി എത്ര വൈകിയും കളി കണ്ടു. മലബാറിന്റെ ഫുട്ബോള്‍ മത്സരവേദികളില്‍ കഴിയുമ്പോഴെല്ലാം സാന്നിധ്യമായി. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെ ഉച്ചയ്ക്ക് 1.05നായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
