Malayalam
‘അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു വിലയുണ്ട്, നെഞ്ച് നിറഞ്ഞാണ് ഞാന്‍ പറയുന്നത്’; ടിക്കറ്റിന് വേണ്ടി മമ്മൂട്ടി ആരാധകന്റെ അഭ്യര്‍ത്ഥന
‘അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു വിലയുണ്ട്, നെഞ്ച് നിറഞ്ഞാണ് ഞാന്‍ പറയുന്നത്’; ടിക്കറ്റിന് വേണ്ടി മമ്മൂട്ടി ആരാധകന്റെ അഭ്യര്‍ത്ഥന
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു ‘കണ്ണൂര്‍ സ്‌ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തും നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ മിക്ക സ്ഥലങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥകള്‍ വരെയുണ്ടാവുന്നുണ്ട്.
ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ വേണ്ടി വളരെ പ്രായമായ ഒരു മമ്മൂട്ടി ഫാനിന്റെ ടിക്കറ്റിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മമ്മൂട്ടി എന്ന നടനോടുള്ള ബഹുമാനവും, ആരാധനയും, വിശ്വാസവും എല്ലാം അതില്‍ കാണാന്‍ കഴിയുന്നുണ്ട്. മമ്മൂട്ടിയുടെ സിനിമ കാണുന്നത് തനിക്ക് ഒരു അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നത് കാണാം.
‘അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു വിലയുണ്ട്, നെഞ്ച് നിറഞ്ഞാണ് ഞാന്‍ പറയുന്നത്. ഒരു തിയേറ്ററില്‍ പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. അദ്ദേഹത്തിന്റെ സിനിമ കാണുന്നത് അഭിമാനമാണ്. ഭയങ്കര ബഹുമാനമാണ്. പണ്ട് മുതലേ മമ്മൂട്ടിയുടെ സിനിമ കാണും. അദ്ദേഹത്തിന്റെ മകന്റെ സിനിമയും കാണാറുണ്ട്. മറ്റ് വഴിയിലൂടെ സിനിമ കാണാന്‍ എനിക്ക് കഴിയില്ല. നമ്മള്‍ക്ക് ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെയൊന്നുമില്ല.’ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന് മമ്മൂട്ടിയുടെ എല്ലാ സിനിമകളും റിലീസിന്റെ അന്ന് തന്നെ കാണാനുള്ള അവസരം ഒരുക്കികൊടുക്കണമെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്തത്. ലക്ഷകണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. കൊല്ലം കൊട്ടാരക്കരയിലെ മിനര്‍വ തീയേറ്ററിന് മുന്നില്‍ നിന്നുള്ള വീഡിയോ ആണിത്.