Malayalam
പ്രായമൊക്കെ വെറും നമ്പറല്ലേ; പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലൊരു മനുഷ്യൻ 69 ലെ ചുള്ളൻ
പ്രായമൊക്കെ വെറും നമ്പറല്ലേ; പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലൊരു മനുഷ്യൻ 69 ലെ ചുള്ളൻ
പറഞ്ഞു പഴകിയ ആ ക്ലീഷേ ഡയലോഗുണ്ട്… Age in reverse gear എന്ന്…! ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം… മമ്മൂട്ടിയുടെ ജിം വർക്കൗട്ടിന് ശേഷമുള്ള സെൽഫി..! ആ സെൽഫിയിലെ പയ്യനാണിന്ന് 69 തികയുന്നത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് തനിക്ക് മാത്രം സ്വന്തമായ ചില അഭിനയ മുഹൂർത്തങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇടനെഞ്ചിൽ ഇടം നേടിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്
ഓരോ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിക്ക് പ്രായം കുറയുകയാണെന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്. കൊച്ചിയിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആഘോഷം പാടില്ലെന്നാണ് സുഹൃത്തുക്കളോടും ആരാധകരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. എങ്കിലും വാപ്പച്ചിക്ക് സര്‍പ്രൈസ് ഒരുക്കാനുള്ള ശ്രമത്തിലാണ് മകനും നടനുമായ ദുല്‍ക്കര്‍ സല്‍മാന്‍. പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വർഷമെത്രയായി അയാൾ സ്ക്രീനിൽ ഉണ്ട്… എഴുപതിനോടടുക്കുന്നതിൻ്റെ ചുളിവുകൾ കഴുത്തിലും കയ്യിലും കാണാം.. സൂക്ഷിച്ചു നോക്കണം പക്ഷേ… മനസ്സിലും അഭിനയത്തിലും ചുളിവുകൾ ഇപ്പോഴും വീണിട്ടില്ല… മധുരരാജയും ഷൈലോക്കും മതി 69 കാരൻ്റെ എനർജി ലെവലിനെ കുറിച്ച് സംസാരിക്കാൻ… ഉണ്ടയിലെ മണി സാറും പേരൻപിലെ അമുദവനും മാത്രം മതി നടനെന്ന നിലയിൽ ഇപ്പോഴും അയാൾ എത്രയോ ഉയരങ്ങളിലെന്ന് തെളിയിക്കാൻ..! കാരണം മമ്മൂട്ടി ഒന്നേയുള്ളൂ… അയാൾ അഭിനയിക്കാനായി ജനിച്ചതാണ്…
അഭിനയലോകത്ത് 49 വര്‍ഷം പിന്നിടുന്ന അദ്ദേഹം ഇതിനകം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. വൺ, പ്രീസ്റ്റ് എന്നീ സിനിമകളാണ് അദ്ദേഹത്തിന്‍റേതായി ഈ വര്‍ഷം ഒരുങ്ങുന്ന ചിത്രങ്ങള്‍. കേരള സര്‍ക്കാര്‍ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മതിലുകള്‍, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, വിധേയൻ, ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്നീ സിനിമകളിലൂടെ മൂന്ന് തവണ ദേശീയ പുരസ്കാരവും അഹിംസ, അടിയൊഴുക്കുകള്‍, യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ, പൊന്തന്മാട, വാത്സല്യം, കാഴ്ച, പാലേരി മാണിക്യം എന്നീ സിനിമകളിലൂടെ 7 തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
ഇനിയും നല്ല വേഷങ്ങളിൽ എത്തുമെന്ന പ്രതീക്ഷ. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലൊരു മനുഷ്യന്
സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍…
