‘ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവി’; വേദനയോടെ മമ്മൂട്ടി
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഒാർമകൾ പങ്കു വച്ച്
മമ്മൂട്ടി. തന്നെ ആദ്യമായി ദൂരദർശനു വേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നെന്നും അന്നത്തെ നിമിഷങ്ങൾ തനിക്ക് ഇപ്പോഴും ഒാർമയുണ്ടെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
‘രവി വള്ളത്തോളിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.’ മമ്മൂട്ടി എഴുതി.
ഇന്നലെ തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
mammootty
