Malayalam
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; നാദിര്‍ഷയ്ക്ക് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; നാദിര്‍ഷയ്ക്ക് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് വീണ്ടും പരിഗണിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയെയും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഇതിനിടെ വധഗൂഢാലോചന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതേസമയം അന്വേഷണം സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം കോടതി തള്ളിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ദുരിദ്ദേശത്തോടെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസ് റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ തെളിവുണ്ടാക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ കേസില്‍ കേരള പോലീസ് സത്യസന്ധമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഒരുപക്ഷേ…, അന്വേഷണത്തിന് സ്റ്റേ ലഭിച്ചിരുന്നു എങ്കില്‍ കാവ്യയെ ചോദ്യം ചെയ്യുന്നത് തടയാമായിരുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അതേസമയം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറ് ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ഉടനെ ആലുവ കോടതിക്ക് കൈമാറുമെനുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്വേഷണസംഘം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
വധഗൂഢലോചന കേസിന്റെ അന്വേഷണത്തില്‍ വഴിതിരിവിന് സാധ്യതയുള്ള വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളില്‍ നിന്ന് ലഭിച്ചെന്നാണ് വിവരങ്ങള്‍. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയ ശേഷം അതിന്റെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിക്കും. ലഭിക്കുന്ന വിവരങ്ങള്‍ ഗുരുതരമെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ലഭ്യമാകുന്ന റിപ്പോര്‍ട്ട് വച്ചിട്ടായിരികും ദിലീപിനെയും കൂട്ടുപ്രതികളെയും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുക.
വധഗൂഢാലോചന കേസില്‍ ഏറെ നിര്‍ണായകമാണ് ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകള്‍. ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീ ഭര്‍ത്താവും മൂന്നാം പ്രതിയുമായ ടി എന്‍ സൂരജ് എന്നിവരുടെ ഫോണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടക്കത്തില്‍ ഫോണുകള്‍ കൈമാറാന്‍ പ്രതികള്‍ തയ്യാറായിരുന്നില്ല. ഫോണില്‍ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളും മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായുമൊക്കെ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ മൂന്ന് പ്രതികളുടേയും ഫോണുകളിലെ വിവരങ്ങള്‍ പരിശോധിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രതികള്‍ ഫോണുകള്‍ കൈമാറിയത്.
