നമ്മൾ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ് ;എന്തെങ്കിലും സീരിയസ് ആയി പോകുമ്പോൾ പ്രൊഡ്യൂസർ കട്ട് പറയും ; ജയസൂര്യ പറയുന്നു !
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ താരമാണ് ജയസൂര്യ. സീരിയസ് റോളുകളും കോമഡിയും ഒരുപോലെ വഴങ്ങുന്ന താരമാണ് ജയസൂര്യ. ഇന്ന് മലയാളത്തിൽ ഏറ്റവുമധികം ഡെഡിക്കേഷനുള്ള നടന്മാരിലൊരാളാണ്. ഒരു കഥാപാത്രമാവാൻ അത്രത്തോളം പരിശ്രമവും കഠിനാധ്വാനവും ജയസൂര്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
നടനെന്ന പോലെ തുറന്ന മനസോടെ ആളുകളോട് ഇടപഴകുന്ന വ്യക്തിയാണ് ജയസൂര്യ. എന്നാൽ ആദ്യകാലത്ത് അഭിമുഖങ്ങളിൽ താൻ തന്നെയായി ഇരിക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുകയാണ് ജയസൂര്യ. അഭിമുഖങ്ങളിൽ കോമഡി പറയാനാണ് പ്രൊഡ്യൂസർമാർ ആവശ്യപ്പെടാറുള്ളതെന്നും ഒടുവിൽ ചളി പറഞ്ഞ് താൻ തന്നെ മടുത്തെന്നും വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞു.
വ്യക്തിയിൽ കളവില്ലാതാവുമ്പോഴാണ് ഞാൻ കുറച്ച് കൂടി പ്യൂർ ആകുന്നത്, കുറച്ച് കൂടി ഓപ്പൺ ആവുന്നത്. എന്തു ചോദ്യത്തിനും സത്യസന്ധമായി മറുപടി പറയാൻ പറ്റും. എന്തു പറഞ്ഞാലാണ് എന്റെ ഇമേജ് നന്നാവുക എന്നൊന്നുമില്ല.
നേരത്തേയും ഞാൻ ഇങ്ങനെ തന്നെയാണ്. പക്ഷേ മുമ്പ് അഭിമുഖങ്ങൾക്ക് പോയി ഇരിക്കുമ്പോൾ തന്നെ അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസർ, അല്ലെങ്കിൽ കോർഡിനേറ്റർ പറയും, ചേട്ടാ കോമഡി ഇൻർവ്യൂ ആണേ, തമാശ ഇൻർവ്യൂ ആണ് വേണ്ടതേ, എന്നാലേ റേറ്റിങ്ങ് വരൂ, ചേട്ടനറിയാല്ലോ. ആ കാലഘട്ടത്തിൽ തൊട്ട് ഈ ഇമേജിൽ നമ്മൾ കുടുങ്ങി പോവും.
കാരണം നമ്മൾ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ്.എന്തെങ്കിലും സീരിയസ് ആയി പോകുമ്പോൾ പ്രൊഡ്യൂസർ കട്ട് പറയും, ചേട്ടാ ടോക്ക് സീരിയസായി പോകുന്നേ എന്ന് പറയും. അവരുടെ വിചാരം സീരിയസ് ആയി കഴിഞ്ഞാൽ ആളുകൾ കാണില്ല എന്നതാണ്. ആ കാലം ഇപ്പോൾ മാറി. അന്നും ഇങ്ങനെ സംസാരിക്കാൻ നമ്മൾ റെഡിയാണ്. പക്ഷേ അവർക്ക് അങ്ങനെ വേണ്ട എന്ന് പറയും. അങ്ങനെ വരുമ്പോൾ റേഡിയോയിലായാലും എവിടെയായാലും നമ്മൾ ചളിയടിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് തന്നെ മടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ എന്റേതായ രീതിയിൽ പറഞ്ഞോട്ടെ പ്ലീസ് എന്ന് പറയാൻ തുടങ്ങി.
ഇപ്പോൾ എന്നോട് ആരുമൊന്നും പറയാറില്ല. അതുകൊണ്ട് ആത്മാർത്ഥമായി കുറെ കാര്യങ്ങൾ പറയാൻ പറ്റുന്നു. ഇപ്പോഴുള്ള മോഹൻലാലിന്റെയാണെങ്കിലും മമ്മൂട്ടിയുടേതാണെങ്കിലും രാജുവിന്റേതാണെങ്കിലും വരുന്ന അഭിമുഖങ്ങളിൽ നിന്നും എന്തെങ്കിലും കാര്യങ്ങൾ പഠിക്കാനുണ്ടാവും. അനുഭവത്തിൽ നിന്നും കിട്ടുന്ന കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ പോലും കിട്ടില്ല,’ ജയസൂര്യ പറഞ്ഞു.
മേരി ആവാസ് സുനോയാണ് ഒടുവിൽ റിലീസ് ചെയ്ത ജയസൂര്യയുടെ ചിത്രം. മഞ്ജു വാര്യർ, ശിവദ എന്നിവർ നായികമാരായെത്തിയ ചിത്രം പ്രജേഷ്സെന്നാണ് സംവിധാനം ചെയ്തത്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോൺ ലൂഥറാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രം. മെയ് 27ന് ജോൺ ലൂഥർ റിലീസ് ചെയ്യും.
