Malayalam
കെ പോപ്പിന്റ ഭാഗമായി മലയാളി പെണ്‍കുട്ടി; ആശംസകളുമായി സോഷ്യല്‍ മീഡിയ
കെ പോപ്പിന്റ ഭാഗമായി മലയാളി പെണ്‍കുട്ടി; ആശംസകളുമായി സോഷ്യല്‍ മീഡിയ
ലോകമെമ്പാടും ആരാധകരുള്ള കെ പോപ്പിന്റ ഭാഗമായി മലയാളി പെണ്‍കുട്ടി. കഴിഞ്ഞ ദിവസമാണ് കെ പോപ്പ് ബാന്‍ഡില്‍ ആര്യ എന്ന ഗൗതമി അരങ്ങേറ്റം കുറിച്ചത്. 44 കെ സ്റ്റേജ് യെസ് ഓര് നോ ഇവന്റിലൂടെയാണ് ആര്യയുടെ കെപോപ്പ് ലോകത്തേയ്ക്കുള്ള ചുവടു വെയ്പ്. ബ്ലാക്ക് സ്വാനിലെ ശ്രിയ ലെങ്കയ്ക്ക് ശേഷം കെ പോപ്പിലെത്തുന്ന ഇന്ത്യന്‍ വംശജയാണ് ഇരുപതുകാരിയായ ആര്യ.
കഴിഞ്ഞ വര്‍ഷമാണ് ഒഡിഷ സ്വദേശിയായ ശ്രിയ ലെങ്ക കെ പോപ്പിന്റെ ഭാഗമായത്. മലയാളിയായ ആര്യ കൊറിയന്‍ സംഗീതലോകത്തേക്ക് എത്തും മുന്‍പ് മലയാളം സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. മാധവ് രാംദാസിന്റെ സംവിധാനത്തില്‍ തമിഴ് താരം പാര്ഥിപന് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ബാലതാരമായിരുന്നു ഗൗതമി.
2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍ഥിപന്റെ മകളുടെ വേഷത്തിലാണ് ഗൗതമി എത്തിയത്. ദക്ഷിണ കൊറിയന്‍ റെക്കോര്‍ഡ് ഏജന്‍സിയായ ജിബികെ എന്റര്ടയ്ന്മെന്റിന്റെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ യൂണിവേഴ്സില് അമി എന്ന പേരില്‍ ട്രെയിനിയാണ് ഗൗതമിയുടെ തുടക്കം. 2022 നവംബറില്‍, ആര്യ എന്ന പേര് സ്വീകരിച്ച് ജിബികെയുടെ വരാനിരിക്കുന്ന ഗേള്‍ ഗ്രൂപ്പായ എംഇപി സി യില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഗൗതമി.
എന്നാല്‍ 2023ന്റെ തുടക്കത്തില്‍, എക്സ്:ഇന്‍ ഗ്രൂപ്പിലെ അഞ്ചാമത്തെയും അവസാനത്തെയും അംഗമായി മാറുകയായിരുന്നു താരം.റോവ, ചി.യു, ഇ.ഷ, നോവ, അരിയ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് എക്സ്:ഇന്‍. 2023 ഏപ്രില്‍ 11ന് ആദ്യ സിംഗിളായ കീപ്പിങ് ദി ഫയറിലൂടെയാണ് ഗ്രൂപ്പിന്റെ അരങ്ങേറ്റം.
