Malayalam
‘മലയാളി ഫ്രം ഇന്ത്യ’ മോഷണ ആരോപണം; വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും
‘മലയാളി ഫ്രം ഇന്ത്യ’ മോഷണ ആരോപണം; വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തിനെതിരെ ആരാപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിവാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്നായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഉയര്‍ത്തിയ വിവാദം. ഒരേ കഥ, ആശയം എന്നിവയൊക്കെ ഒന്നിലധികം എഴുത്തുകാര്‍ക്ക് ഉണ്ടായേക്കാം. അതും കൊവിഡ് കാലത്ത് ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ഒരുമിച്ച് കോറന്റൈനില്‍ ആകുക എന്ന ചിന്തയും സ്വഭാവികമാണ്. അത്തരത്തില്‍ ഇവിടെ സംഭവിച്ചത് വെറും സാദൃശ്യം മാത്രമാണെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റൈറ്റേഴ്സ് യൂണിയനു വേണ്ടി ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചു.
‘പ്രൊഡ്യൂസര്‍… മോഷ്ടിച്ച കഥയല്ലേ നിര്‍മ്മിച്ചത് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും? എനിക്കങ്ങനെ ഒരു കഥ മോഷ്ടിക്കേണ്ട ആവശ്യമുണ്ടോ? ഞാന്‍ ഈ വര്‍ഷം തന്നെ നാലഞ്ച് സിനിമകള്‍ ചെയ്യുന്നുണ്ട്, അതില്‍ ഒരു നിര്‍മാതാവ് എന്ത് തെറ്റാണ് ചെയ്യുന്നത്? എന്നെല്ലാം മലയാളി ഫ്രം ഇന്ത്യയുടെ നിര്‍മ്മാതാവായ ലിസ്റ്റിന് സ്റ്റിഫനും പത്ര സമ്മേളനത്തില്‍ ചോദിച്ചു.
ഒരു വര്‍ഷം മുന്നേ ഈ കഥ എഴുത്ത്കാരനായ ഷാരിസ് എന്നോട് പറഞ്ഞതാണ്. അന്ന് ഞാനതിന് ഒക്കെ പറഞ്ഞില്ല. പിന്നീട് ഡയറക്ടര്‍ ആയി ഡിജോ വന്നപ്പോള്‍ ആണ് ഞാന്‍ ഒക്കെ പറഞ്ഞത്. എന്റെ തന്നെ എത്രയോ ചിത്രങ്ങള്‍ പരാജയമായിട്ടുണ്ട്. പക്ഷെ ഇങ്ങനെയാണോ ഒരു സിനിമയെ അപമാനിക്കുന്നത്? അതും സിനിമ കുടുംബത്തിലുള്ള ഒരാള്‍ തന്നെ… അതുകൊണ്ടാണ് ഞാന്‍ എന്റെ സംഘടനയ്ക്ക് പരാതി നല്‍കിയത്’ എന്ന് ലിസ്റ്റിന് വ്യക്തമാക്കി.
‘മലയാളി ഫ്രം ഇന്ത്യ’ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്, ഡിജോയല്ല. ഈ സിനിമ ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായ ശ്രീജിത്തായിരുന്നു. 2021ല്‍ കൊവിഡ് കാലത്തായിരുന്നു അത്. ഇന്ത്യക്കാരനും പാകിസ്താനിയും ക്വാറന്റൈയിനിലായിപ്പോകുന്ന കഥയാണ് ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞത്. ഞങ്ങള്‍ ശ്രീജിത്തിനോട് സംസാരിച്ചിരുന്നു. അവര്‍ വര്‍ക്ക് ചെയ്ത ഡ്രാഫ്റ്റുകള്‍ കയ്യിലുണ്ട്.
ഷാരിസും ശ്രീജിത്തും ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡ്യൂസറിനെ കണ്ടിരുന്നു. അദ്ദേഹം ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടെയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ കയ്യിലുള്ള സ്ക്രീന്‍ഷോട്ടുകളൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ട്. അതും 2021 ആഗസ്റ്റിലാണ്. റോഷന് മാത്യുവിനോട് കഥപറയാനാണ് അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടത്. അതിനായി റോഷന് മാത്യുവിന്റെ അപ്പോയ്ന്റ്മെന്റും അദ്ദേഹമാണ് എടുത്തു കൊടുക്കുന്നത്.
ഈ ചര്‍ച്ചകള്‍ കുറച്ച് മുന്നോട്ടുപോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്ന സമയത്താണ് ഷാരിസ് ജനഗണമന എന്ന സിനിമയുടെ ഇടയില്‍ ഡിജോയോട് ഈ കഥയെ കുറിച്ച് പറയുന്നത്. ഷാരിസ് സിനിമയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയത് ശ്രീജിത്ത് എന്ന സംവിധായകന് വേണ്ടിയാണ്. അതും ജനഗണമനയുടെ മുമ്പാണ്. അതുകൊണ്ടു തന്നെ മലയാളി ഫ്രം ഇന്ത്യയുടെ ടൈറ്റിലില്‍ ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് എന്ന ക്രെഡിറ്റ് ശ്രീജിത്തിന് ഷാരിസ് കൊടുത്തിട്ടുണ്ട്. അതിന് ശേഷമാണ് ഡിജോ വരുന്നതും ഈ സിനിമ ചെയ്യുന്നതും. ജയസൂര്യയുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു.
ഡിജോയുമായി ഒരു പരസ്യം ചെയ്യുന്നതിന്റെ ഇടയിലാണ് ജയസൂര്യ നിഷാദ് കോയയുടെ ഒരു സിനിമയുണ്ട് നിനക്ക് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. താന്‍ ആ സിനിമയെ കുറിച്ച് എന്തോ ഒരു വരി മാത്രമേ ഡിജോയോട് പറഞ്ഞിട്ടുള്ളുവെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറയുന്നത്. അത് വിശദമായി പറയേണ്ടത് തിരക്കഥാകൃത്താണ് എന്നാണ് ജയസൂര്യ അന്ന് പറഞ്ഞത്. ശേഷം നിഷാദ് കോയയും ഡിജോയുമായി കമ്മ്യൂണിക്കേഷന്‍ ഒന്നും നടക്കുന്നില്ല. രഹസ്യമായിട്ടൊന്നുമല്ല ഡിജോ ഈ സിനിമ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടയിലാണ് കഥയിലെ സാമ്യത പൃഥ്വിരാജ് പറഞ്ഞതില്‍ നിന്ന് മനസിലാക്കി നിഷാദ് കോയ ഡിജോയെ ബന്ധപ്പെടുന്നത്. ആവശ്യമാണെങ്കില്‍ താന്‍ അങ്ങോട്ട് വിളിക്കാമെന്നും പക്ഷേ ഈ സിനിമയുടെ പ്രവര്‍ത്തനവുമായി ഇപ്പോള്‍ മുന്നോട്ട് പോകുകയാണെന്നും ഡിജോ പറയുകയും ചെയ്തു. ആ സമയത്ത് നിഷാദ് കോയ ഒരു പിഡിഎഫ് ഡിജോയ്ക്ക് അയച്ച് നല്‍കിയിരുന്നു. എന്നാല്‍ ഡിജോ അത് ഡൗണ്‍ലോഡ് പോലും ചെയ്തിരുന്നില്ല.
ഇക്കാര്യങ്ങള്‍ എല്ലാം തങ്ങള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നും ആ സാഹചര്യങ്ങളെ കുറിച്ചെല്ലാം പഠിച്ചാണ് തങ്ങള്‍ ഇപ്പോള്‍ ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു. ഇങ്ങനെയുള്ള ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിസ്റ്റിന് സ്റ്റീഫന്‍, ബി ഉണ്ണികൃഷ്ണന്, സിയാദ് കോക്കര്‍, അനില്‍ തോമസ്, ജി നു വി എബ്രഹാം, ചിത്രത്തിന്റെ ഡയറക്ടര്‍ ഡിജോ ജോസ് ആന്റണി, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്തൊക്കെയായാലും വിവാദങ്ങള്‍ക്കിടയിലും ഡിഗ്രേഡിങ്ങിനിടയിലും മലയാളി ഫ്രം ഇന്ത്യ പ്രേക്ഷകര്‍ക്കിടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ.
