Malayalam
ചെല്ലാനം നിവാസികള്‍ക്ക് നാടന്‍ പാട്ടിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് വിനയ് ഫോര്‍ട്ട്
ചെല്ലാനം നിവാസികള്‍ക്ക് നാടന്‍ പാട്ടിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് വിനയ് ഫോര്‍ട്ട്
ചെല്ലാനം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് വിനയ് ഫോര്‍ട്ട്. നാടന്‍ പാട്ടിലൂടെയാണ് താരം ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. കടല്‍ ക്ഷോഭം കാരണം ചെല്ലാനം കണ്ണമാലി നിവാസികള്‍ എത്രയോ കാലമായി ദുരിതത്തിലാണ്. നിലവില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അവരുടെ ജീവിതം വീണ്ടും പ്രശ്നത്തിലാകുമോ എന്ന ഭയത്തിലാണ്. അതിനാല്‍ തന്നെ ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ചലിപ്പിക്കാനാണ് വിനയ് ഫോര്‍ട്ട് ഇത്തരമൊരു വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കമന്റ് ബോക്സില്‍ പാട്ടിനെ പ്രശംസിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും നിരവധി താരങ്ങള്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് പിന്തുണയും സഹായവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കൊടുങ്കാറ്റിലും മഴയിലും നിരവധി വീടുകളിലാണ് ചെല്ലാനത്ത് വെള്ളം കയറിയത്. അതേ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നു.
നിലവില്‍ കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒരു പ്രളയം വന്നാല്‍ ആളുകളെ ഒരിടത്ത് സാമൂഹ്യ അകലമില്ലാതെ താമസിപ്പിക്കുന്നത് മറ്റൊരു ദുരന്തത്തിന് വഴിയൊരുക്കും. അതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്. ഇതേ തുടര്‍ന്നായിരിക്കാം കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചെല്ലാനം നിവാസികളിലേക്ക് ആളുകളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ എത്തിക്കാന്‍ വിനയ് ഫോര്‍ട്ട് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
