Malayalam
ഗുരുതരമായ വൃക്ക രോഗം, 15 ലക്ഷം രൂപയോളം ചെലവ്, മകളുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടി വിമല നാരായണന്; ഇതിനിടെ സഹായം തേടാനായി വീഡിയോ തയ്യാറാക്കാമെന്നു പറഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകളഞ്ഞതായും വിമല
ഗുരുതരമായ വൃക്ക രോഗം, 15 ലക്ഷം രൂപയോളം ചെലവ്, മകളുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടി വിമല നാരായണന്; ഇതിനിടെ സഹായം തേടാനായി വീഡിയോ തയ്യാറാക്കാമെന്നു പറഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകളഞ്ഞതായും വിമല
കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രം കണ്ടവര്‍ക്ക് സാറയുടെ അമ്മായെ മറക്കാനാകില്ല. ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം ഇന്ന് സഹായം അഭ്യര്‍ത്ഥിച്ചാണ് എത്തിയിരിക്കുന്നത്.
എറണാകുളം തേവര സ്വദേശിയായ വിമല നാരായണന് തന്റെ മകളുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിലുള്ള പരിശ്രമത്തിലാണ്. 15 ലക്ഷത്തോളം രൂപയാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച മകളുടെ ചികിത്സയ്ക്ക് ആവശ്യം. സ്വന്തം വൃക്ക നല്കാന് വിമല തയ്യാറാണെങ്കിലും അതിന് ഏറെ പണം ആവശ്യമാണ്.
17-ാം വയസിലാണ് തന്റെ വിവാഹം നടക്കുന്നത്. മക്കളുടെ ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവ് നാരായണന് മരിച്ചു. തുടര്‍ന്ന് സോപ്പ്, ഷാംപൂ തുടങ്ങിയവ വീടുകള്‍ തോറും വില്‍പ്പന, തേയില, സാരി തുടങ്ങിയവയുടെ വില്‍പ്പന എന്നിങ്ങനെ നിരവധി ജോലികള്‍ ചെയ്താണ് വിമല മക്കളെ വളര്‍ത്തിയത്. തേവരയിലെ താന്‍ താമസിക്കുന്ന വീടിന് മുകളില്‍ സംവിധായകന് ആഷിഖ് അബുവിന്റെ സഹസംവിധായകന് താമസിച്ചിരുന്നു. അദ്ദേഹമാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ഓഡിഷന് വിവരം പറയുന്നത്. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരത്തില്‍ വേഷം ലഭിച്ചു.
ഒമ്പത് വര്‍ഷത്തിന് മുകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സിനിമ ബന്ധങ്ങള്‍ വളരെ കുറവാണ്. ‘ആരെങ്കിലും വിളിച്ചാല്‍ ചെന്ന് അഭിനയിക്കും എന്നതിനപ്പുറം ആരെയും അറിയില്ല’ എന്നാണ് വിമല പറയുന്നത്. സിനിമ സംഘടനകളില്‍ അംഗമല്ലാത്തതിനാല്‍ അവരോടും സഹായം അഭ്യര്‍ത്ഥിക്കാന്‍ പറ്റുന്നില്ല. സിനിമയിലെ ചില ആളുകളോട് സഹായം അഭ്യര്‍ത്ഥിച്ച് താന്‍ വിളിച്ചിരുന്നെന്നും വിമല പറയുന്നു.
ആറ് വര്‍ഷത്തോളമായി മകള്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഡയാലിസിസ് ആരംഭിച്ചു. ആദ്യം ഡയാലിസിസിനായി കഴുത്തിന് സര്‍ജറി നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വലത് കൈയ്യിലും ചെയ്തെങ്കിലും അതും വിജയിച്ചില്ല. വീണ്ടും കൈകളില്‍ നടത്തിയാല്‍ കൈയുടെ സ്വാധീനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മകള്‍ക്ക് തന്റെ വൃക്ക നല്കാന് തയ്യാറാണ്. എന്നാല്‍ അതിനും പണം ആവശ്യമുണ്ട്. 15 ലക്ഷം രൂപയോളമാണ് ചികിത്സയ്ക്ക് ആവശ്യം. ഈ പണം എങ്ങനെ ഉണ്ടാക്കുമെന്ന് പോലും തനിക്ക് അറിയില്ലെന്ന് വിമല പറഞ്ഞു. സ്വന്തമായി ഒരു വീടും പോലും ഇല്ലാത്ത അവസ്ഥയിലാണ്. വര്‍ഷങ്ങളോളമായി വാടക വീട്ടില്‍ കഴിയുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടാനായി ഒരു വീഡിയോ തയ്യാറാക്കാമെന്നു പറഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകളഞ്ഞതായും വിമല പറയുന്നു. നല്ല മനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് വിമല.
