Malayalam
സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച; മുഖ്യമന്ത്രിയൊടൊപ്പം നാല് വകുപ്പ് മന്ത്രിമാരും
സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച; മുഖ്യമന്ത്രിയൊടൊപ്പം നാല് വകുപ്പ് മന്ത്രിമാരും
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീണ്ടും ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവംബര്‍ 2 ന് ചര്‍ച്ച നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുമായി മുന്നോട്ട് പോകും. പാവപ്പെട്ട കലാകാരന്മാരെ സഹായിക്കാനാണ് ഇതെന്നും മന്ത്രി സജി ചെറിയാന് അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയറ്ററുകള്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്. തിയറ്റര്‍ എ സി ഹാള്‍ അടച്ചിട്ട മുറിയായതിനാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം നല്കുന്നുള്ളു. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് നിലവില്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം ഒരു വാക്സിന് എടുത്തവര്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഉന്നത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകളില്‍ വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിച്ചത്. മരക്കാര്‍ ഉള്‍പ്പടെ ഒടിടി റിലീസ് ഒഴിവാക്കി കൂടുതല്‍ മലയാള ചിത്രങ്ങള്‍ തിയറ്ററിലെത്തുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.
എന്നാല്‍ മരക്കാര്‍ സിനിമയുടെ തിയറ്റര്‍ റിലീസിന് നിര്‍മാതാക്കള്‍ ഉപാധികള്‍ മുന്നോട്ട് വെച്ചു. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച്ച പരമാവധി തിയേറ്ററുകള്‍ നല്‍കണമെന്നാണ് നിര്‍മ്മാതാക്കള്‍ ഫിലിം ചേമ്പറിന് മുന്നില്‍ വെച്ച ഉപാധി. ഇത് ചര്‍ച്ച ചെയ്യാന്‍ നാളെ തിയേറ്റര്‍ ഉടമകളുടെ അടിയന്തര യോഗം ചേരും.
