News
ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് സ്വര ഭാസ്കര്‍; പിന്നാലെ ട്രോളുകളും
ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് സ്വര ഭാസ്കര്‍; പിന്നാലെ ട്രോളുകളും
ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, കുറഞ്ഞത് അവരുടെ തലയില്‍ കയറിയിരുന്ന് വിലസാതെയെങ്കിലും ഇരിക്കുക’, എന്നായിരുന്നു സ്വര കശ്മീര്‍ ഫയലിന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. സ്വരയുടെ പരോക്ഷ വിമര്‍ശനം സംവിധായകന് വിവേകിന് നേരെയുള്ളതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍പ് പലതവണ ഇരുവരും ട്വിറ്ററില്‍ കൊമ്ബുകോര്‍ത്തിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു കൊണ്ട് വിവേക് നടത്തിയ പരാമര്‍ശത്തിനെതിരെ, നടി സ്വരാ ഭാസ്കര്‍ രംഗത്ത് വന്നിരുന്നു. വിവേകിന്റെ ട്വീറ്റിനെതിരെ സ്വര ട്വിറ്ററില്‍ പരാതിപ്പെടുകയും പരാമര്‍ശം നീക്കം ചെയ്യുന്നത് വരെ വിവേകിന്റെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തിരുന്നു.
വിവേകിനെ പരിഹസിച്ച സ്വരയ്ക്ക് നേരെ ട്രോളുകളും വന്നിരുന്നു. ‘അഭിനന്ദനങ്ങള്‍ സ്വര. വീണ്ടും നിങ്ങള്‍ മറ്റൊരാളുടെ വിജയത്തെ കുറിച്ച് പറഞ്ഞ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. നിങ്ങള്‍ അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്’, സ്വരയെ ട്രോളിക്കൊണ്ട് നിരവധി പേര് രംഗത്ത് വന്നു.
അതേസമയം, മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന് ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അക്ഷയ് കുമാര്‍, യാമി ഗൗതം, ഹന്‍സാല്‍ മേത്ത തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരമായ യാതനകളുടെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. പുഷ്കര്നാഥായി അനുപം ഖേര്‍, ബ്രഹ്മ ദത്തായി മിഥുന് ചക്രവര്‍ത്തി, കൃഷ്ണ പണ്ഡിറ്റായി ദര്ശന് കുമാര്‍, രാധികാ മേനോനായി പല്ലവി ജോഷി, ശ്രദ്ധ പണ്ഡിറ്റായി ഭാഷാ സുംബലി, ഫാറൂഖ് മാലിക് എന്ന ബിറ്റയായി ചിന്മയ് മാണ്ഡ്ലേക്കര് എന്നിവര്‍ വേഷമിടുന്നു.
