News
ചെന്നൈ കോര്‍പ്പറേഷനൊപ്പം വാക്സിനേഷന് ക്യാമ്പൊരുക്കി നടന് സൂര്യ; ക്യാമ്പ് നടക്കുന്നത് രണ്ട് ദിവസം
ചെന്നൈ കോര്‍പ്പറേഷനൊപ്പം വാക്സിനേഷന് ക്യാമ്പൊരുക്കി നടന് സൂര്യ; ക്യാമ്പ് നടക്കുന്നത് രണ്ട് ദിവസം
തെന്നിന്ത്യ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. ഇപ്പോഴിതാ സൂര്യ തമിഴ്നാട്ടില്‍ വാക്സിനേഷന് ക്യാമ്പൊരുക്കാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചെന്നൈ നഗരത്തില്‍ ജൂലൈ 6,7 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. ചെന്നൈ കോര്‍പ്പറേഷനും ഇതില്‍ പങ്കാളികളാണ്.
സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റിലെ ജീവനക്കാര്‍ക്കും ക്യാമ്പിലൂടെ വാക്സിന് ലഭിക്കും. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ സൂര്യ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് തമിഴ്നാട്ടില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു.
ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ക്കും ഫൗണ്ടേഷന് സഹായം എത്തിച്ചിരുന്നു. സൂര്യയുടെ സഹോദരന് കാര്‍ത്തി, അച്ഛന് ശിവകുമാര്‍, ഭാര്യ ജ്യോതിക തുടങ്ങിയവരാണ് അഗരത്തിലെ മറ്റ് അംഗങ്ങള്‍.
ജൂണ്‍ 23 ന് സൂര്യയും ജ്യോതികയും വാക്സിന് ആദ്യ ഡോസ് സ്വീകരിക്കുകയും ചിത്രങ്ങള്‍ സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വാക്സിന് സ്വീകരിക്കുന്നതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താന്‍ കൂടിയായിരുന്നു ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്.
