Malayalam
‘എന്റെ ഇന്നലെകളെ അറിഞ്ഞു കൊണ്ടായിരിക്കും ഒരാള്‍ എനിക്ക് വിവാഹം ആലോചിച്ചു വരിക. സ്വാഭാവികമായും ഒരു സന്ദര്‍ഭം വരുമ്പോള്‍ അയാള്‍ കുത്തു വാക്ക് പറയുമെന്നുറപ്പാണ്… എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാള്‍ ചോദിക്കും’, ശ്രീവിദ്യയുടെ ജീവിതം വീണ്ടും വൈറലാകുന്നു, ശ്രദ്ധ നേടി കുറിപ്പ്
‘എന്റെ ഇന്നലെകളെ അറിഞ്ഞു കൊണ്ടായിരിക്കും ഒരാള്‍ എനിക്ക് വിവാഹം ആലോചിച്ചു വരിക. സ്വാഭാവികമായും ഒരു സന്ദര്‍ഭം വരുമ്പോള്‍ അയാള്‍ കുത്തു വാക്ക് പറയുമെന്നുറപ്പാണ്… എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാള്‍ ചോദിക്കും’, ശ്രീവിദ്യയുടെ ജീവിതം വീണ്ടും വൈറലാകുന്നു, ശ്രദ്ധ നേടി കുറിപ്പ്
ഏതാണ്ട് 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നടി ശ്രീവിദ്യയുടെ വീട്ടിലേക്ക് പ്രശസ്ത തമിഴ് സംവിധായകന്‍ എ.പി.നാഗരാജന്‍ ആദ്യമായി വരുന്നത്. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്ന ശ്രീവിദ്യയെ കണ്ട് അന്ന് നാഗരാജന്‍ ചോദിച്ചു. ‘ഈ കുട്ടി ആരാണ്’. പ്രശസ്ത സംഗീതജ്ഞ എം എല്‍ വസന്തകുമാരിയുടെ മകളാണെന്നും പേര് ശ്രീവിദ്യയെന്നാണെന്നും പറഞ്ഞ് നാഗരാജന് അവളെ പരിചയപ്പെടുത്തിയത് അയല്‍ക്കാരിയും അക്കാലത്തെ പ്രശസ്ത നടിയുമായ പത്മിനിയാണ് (തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി ത്രയത്തിലെ രണ്ടാമത്തെയാളാണ് പത്മിനി. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ വേഷം വഴിയാണ് പുതുതലമുറക്ക് പത്മിനിയെ പ്രധാനമായും പരിചയം) വസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ എന്നറിഞ്ഞപ്പോള്‍ നാഗരാജന് അത്ഭുതം അതിനിടയിലാണ് പത്മിനി, നാഗരാജനോട് മറ്റൊരു കാര്യം സൂചിപ്പിച്ചത്.
‘അണ്ണാ..സിനിമയില്‍ അഭിനയിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമുണ്ട്’ നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതിനും മുന്‍പേ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീവിദ്യക്ക് അവസരം കൈ വന്നിരുന്നു.1962ല്‍ പുറത്തിറങ്ങിയ ‘നെഞ്ചില്‍ ഒരു ആലയം’ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് ശ്രീവിദ്യക്ക് ആദ്യം അവസരം വന്നത്. എന്നാല്‍ ശ്രീവിദ്യ അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമെന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ ശ്രീവിദ്യയുടെ വീട്ടുകാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നാഗരാജന്‍ ശ്രീവിദ്യയെ കാണുന്നതും അവളെക്കുറിച്ച് അന്വേഷിക്കുന്നതും. ’10-17 വയസ്സുണ്ടാവില്ലേ ഇവള്‍ക്ക്’ എന്നാണ് ശ്രീവിദ്യയെ കണ്ടതും നാഗരാജന്‍ ചോദിച്ചത്. എന്നാല്‍ 13 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വീണ്ടും അത്ഭുതം.
അന്ന് വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്ന ശ്രീവിദ്യയെ കയ്യോടെ പത്മിനി ‘തിരുവരുള്‍ ചെല്‍വര്‍’ എന്ന തമിഴ് സിനിമയുടെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി. ശിവാജി ഗണേശന്‍ നായകനായ ആ സിനിമയില്‍,ഒരു ഗാനരംഗത്തില്‍ അഭിനയിക്കാനായിരുന്നു ശ്രീവിദ്യയെ പത്മിനി കൊണ്ട് പോയത്. ശിവപാര്‍വ്വതിമാരുടെ ഗാനരംഗം ശിവാജി ഗണേശന്‍ കാണുന്ന രംഗമായിരുന്നു അത്. ശിവന്റെ വേഷം ഒരു തെലുങ്ക് നടനും പാര്‍വതിയുടെ വേഷം ശ്രീവിദ്യയുമാണ് അവതരിപ്പിച്ചത്. ആദ്യ സിനിമ തന്നെ മറക്കാന്‍ കഴിയാത്ത കുറേയേറെ അനുഭവങ്ങള്‍ ശ്രീവിദ്യക്ക് സമ്മാനിച്ചു. ആദ്യ ദിവസം സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ സെറ്റിലെ ഒരു ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി. രണ്ടാമത്തെ ടേക്കിന് ശ്രീവിദ്യയുടെ ഫ്ലാസ്‌ക് നിലത്ത് വീണുടഞ്ഞു. ‘എല്ലാം തച്ചുടച്ച് കൊണ്ടാണല്ലോ നിന്റെ രംഗപ്രവേശം’ എന്ന് ശിവാജി ഗണേശന്‍ കളിയാക്കി ചിരിച്ചതിന്റെ ഓര്‍മകള്‍ ശ്രീവിദ്യക്ക് എന്നും ഉണ്ടായിരുന്നു.
ആ സിനിമയില്‍ അഭിനയിച്ച് ഏറെ താമസിയാതെ മലയാളത്തില്‍ നിന്നും വിളി വന്നു. അന്ന് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മെറിലാന്റ് സുബ്രഹ്മണ്യം മുതലാളിയോട് പത്മിനി, ശുപാര്‍ശ ചെയ്തതിന്റെ പുറത്താണ് ആദ്യമായി ഒരു മലയാള സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ശ്രീവിദ്യക്ക് അവസരം ലഭിച്ചത്. സിനിമയുടെ പേര് ‘ചട്ടമ്പിക്കവല’ സംവിധാനം എന്‍.ശങ്കരന്‍ നായര്‍ നായകന്‍ സത്യന്‍. അന്ന് മലയാളം പഠിച്ചു വരുന്നതേയുള്ളൂ ശ്രീവിദ്യ.’ര’ എന്ന അക്ഷരം ഷൂട്ടിങ്ങിനിടയില്‍ അവര്‍ക്ക് എപ്പോഴും ബാലികേറാമലയായി. ‘എന്താ കാര്യം’ എന്ന് ചോദിക്കേണ്ടതിന് പകരം ‘എന്താ കാറിയം’ എന്നായിരുന്നു സെറ്റില്‍ ശ്രീവിദ്യ സ്ഥിരമായി ഉച്ചരിച്ചിരുന്നത്. പിന്നീട് നടന്‍ തിക്കുറുശ്ശിയുടെ ശിക്ഷണത്തിലാണ് ശ്രീവിദ്യ മലയാളം സ്വായത്തമാക്കിയത്.
ചട്ടമ്പിക്കവലയുടെ സെറ്റില്‍ വച്ച് മറ്റൊരു സംഭവവും അരങ്ങേറി. ഷൂട്ടിനിടെ ഇടക്ക് സത്യന്‍,ശ്രീവിദ്യയോട് ചോദിച്ചു ‘നിനക്ക് ഈ രണ്ട് വലിയ കണ്ണുള്ളത് വേസ്റ്റ് ആണല്ലോ കൊച്ചേ’ അതെന്തേയെന്ന് ശ്രീവിദ്യ തിരിച്ചു ചോദിച്ചപ്പോള്‍ സത്യന്റെ മറുപടി ഇങ്ങനെ, ‘നിന്റെ കണ്ണുകള്‍ നീ പ്രയോജനപ്പെടുത്തുന്നില്ല. ഒരാളെ കണ്ണ് കൊണ്ട് നോക്കുന്നതിനും മുഖം കൊണ്ട് നോക്കുന്നതിനും പ്രത്യേകതയുണ്ട്. നീ മുഖം കൊണ്ടാണ് നോക്കുന്നത്, അങ്ങനെ നോക്കരുത്. കണ്ണ് കൊണ്ട് ശ്രദ്ധിക്കൂ. അപ്പോഴേ ആളുകള്‍ നിന്റെ കണ്ണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കൂ’ തന്റെ കണ്ണുകളുടെ സാധ്യത ആദ്യമായി ശ്രീവിദ്യ മനസ്സിലാക്കിയത് സത്യന്റെ ഈ വാക്കുകളില്‍ നിന്നായിരുന്നു.
ചട്ടമ്പിക്കവലക്ക് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്. ഒരുപിടി സിനിമകള്‍… ഒരുപാട് വേഷങ്ങള്‍, മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴും ശ്രീവിദ്യയുടെ വ്യക്തിജീവിതം തീര്‍ത്തും വേദനാജനകമായിരുന്നു. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൈമുതലായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്ന അക്കാലത്തെ ഭൂരിഭാഗം സിനിമാക്കാരില്‍ നിന്നും വ്യത്യസ്തമായൊരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്. ആഗ്രഹിക്കുന്നതെന്തും നിമിഷനേരം കൊണ്ട് ലഭിച്ചിരുന്ന ബാല്യം. പണമാകട്ടെ, വസ്ത്രമാകട്ടെ, എന്തും യഥേഷ്ടം ലഭിച്ചിരുന്ന കാലം ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം എല്‍ വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ. അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും.
ശ്രീവിദ്യ ജനിച്ച വര്‍ഷമായിരുന്നു മുഖപേശികള്‍ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അഭിനയത്തില്‍ നിന്ന് ഇടവേളയേടുക്കേണ്ടി വന്നത്. ശേഷം അമ്മയുടെ സംഗീത പരിപാടികള്‍ക്ക് സ്ഥിരമായി അനുഗമിച്ചിരുന്നത് അച്ഛനായിരുന്നു. ശ്രീവിദ്യക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും സമയമില്ലാത്ത വിധം തിരക്കേറിയ ദിനങ്ങള്‍ ആയിരുന്നു അമ്മയുടേത്. രാവിലെ തുടങ്ങുന്ന റെക്കോഡിങ്. വൈകിട്ട് വരെ നീളുന്ന കച്ചേരി. ശ്രീവിദ്യക്കും ജ്യേഷ്ഠന്‍ ശങ്കരരാമനും അമ്മയെ കണി കാണാന്‍ പോലും ലഭിച്ചിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ അമ്മയുണ്ടായിട്ടും അമ്മയുടെ വാത്സല്യം ലഭിക്കാത്ത, അച്ഛനുണ്ടായിട്ടും അച്ഛന്റെ ലാളന ലഭിക്കാത്ത നരച്ച//ശുഷ്‌കിച്ച ബാല്യമായിരുന്നു ശ്രീവിദ്യയുടേത്. അച്ഛന് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചതോടെ കുടുംബഭാരം മുഴുവന്‍ അമ്മയുടെ ചുമലിലായി. ഇതിനിടെയിലാണ് വസന്തകുമാരിക്ക് ഒരു വാഹനാപകടം സംഭവിക്കുന്നത്. അതോടെ കുടുംബത്തിലെ ചെലവുകളെ ചൊല്ലിയുള്ള കലഹം നാള്‍ക്കു നാള്‍ വര്‍ധിച്ചു.
സ്വന്തമായി ഒരു വീട് വെക്കാന്‍ വിവിധ ആളുകളില്‍ നിന്നായി അക്കാലത്ത് ഭീമമായ തുക ശ്രീവിദ്യയുടെ വീട്ടുകാര്‍ കടം വാങ്ങിച്ചിട്ടുണ്ടായിരുന്നു. കടം വാങ്ങിച്ച ആളുകള്‍ വീട്ടില്‍ വന്ന് നിരന്തരമായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. ആളുകള്‍ വഴക്ക് പറയുന്നത് കേട്ട് ശ്രീവിദ്യയുടെ അച്ഛന്‍ നിസ്സംഗനായി നില്‍ക്കും, അമ്മക്കും പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സിനിമ, കരിയറായി സ്വീകരിക്കാന്‍ ശ്രീവിദ്യ തീരുമാനിക്കുന്നത് സിനിമയില്‍ വന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വന്നു. ‘ദിനമണി കതിര്‍’ എന്ന തമിഴ് വാരികയില്‍ വന്ന ശ്രീവിദ്യയുടെ മുഖച്ചിത്രം കണ്ടിഷ്ടപ്പെട്ടിട്ടായിരുന്നു അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യക്ക് വിവാഹമാലോചിച്ചു വന്നത്.ആലോചനയില്‍ ശ്രീവിദ്യക്ക് താല്‍പര്യം തോന്നിയെങ്കിലും അവരുടെ അമ്മ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്.
‘വിദ്യാ..നമുക്കിപ്പോള്‍ തന്നെ വലിയ കടമുണ്ട്. കുടുബത്തിന്റെ മുഴുവന്‍ ബാധ്യതകളും ഇപ്പോള്‍ എന്റെ ചുമലിലാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ ഒറ്റക്ക് തുഴഞ്ഞാല്‍ നമ്മള്‍ കരക്കടുക്കില്ല. എന്റെ മോള്‍ അമ്മക്ക് വേണ്ടി ഒരു ത്യാഗത്തിന് തയ്യാറാകണം. മൂന്ന് വര്‍ഷം കാത്തിരിക്കാന്‍ അദ്ദേഹത്തോട് പറയൂ. അത് കഴിഞ്ഞ് നിങ്ങളുടെ വിവാഹം ഞാന്‍ നടത്തി തരാം’ ഇതായിരുന്നു അമ്മയുടെ മറുപടി. ഉത്തരമറിയാന്‍ വന്ന ആ മനുഷ്യന് മുന്‍പില്‍ വ്യസനസമേതം അമ്മ പറഞ്ഞ മറുപടി ആവര്‍ത്തിക്കേണ്ടി വന്നു ശ്രീവിദ്യക്ക്..മൂന്ന് വര്‍ഷം കാത്തിരിക്കുക പ്രയാസമാണെന്ന് അറിയിച്ച അദ്ദേഹം ആ ആലോചനയില്‍ നിന്നൊഴിഞ്ഞു പോയി. പിന്നീട് 1976ല്‍ അമേരിക്കയില്‍ നൃത്ത-സംഗീതപരിപാടികള്‍ക്കായി പോയപ്പോള്‍ അവിചാരിതമായി ഒരു പാര്‍ട്ടിയില്‍വെച്ച് ശ്രീവിദ്യ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി..കൂടെയുണ്ടായിരുന്ന അമ്മയുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ ‘ഓര്‍മയുണ്ടോ’ എന്ന് ചോദിച്ചതും അങ്ങോട്ട് ചെന്ന് പരിചയം പുതുക്കിയതും ശ്രീവിദ്യ തന്നെ..!
ഇടക്കെപ്പോഴോ അദ്ദേഹം ചോദിച്ചു ‘മൂന്ന് വര്‍ഷം കൂടി കാത്തിരിക്കണം എന്ന് പറഞ്ഞ് ഇപ്പോള്‍ വര്‍ഷമെത്രയായി’ ശ്രീവിദ്യ തിരിച്ചു ചോദിച്ചുവെത്രേ ‘അന്ന് എന്നെ കാത്തിരിക്കാഞ്ഞത് എത്ര നന്നായി. നല്ലൊരു ഭാര്യയേയും കുട്ടിയേയും കിട്ടിയില്ലേ’ അങ്ങനെയൊരുത്തരം പറഞ്ഞെങ്കിലും വല്ലാത്തൊരു നഷ്ടബോധത്തോടെ തന്നെയായിരുന്നു ശ്രീവിദ്യയുടെ ആ മറുപടി ആ സമയത്താണ് കൂടെയഭിനയിച്ച ഒരു നടന്‍ ശ്രീവിദ്യയോട് പ്രേമാഭ്യാര്‍ത്ഥന നടത്തിയത്. മറ്റാരുമല്ലായിരുന്നു,നടന്‍ കമലഹാസനായിരുന്നു അത്. ആരംഭകാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ച കമലും ശ്രീവിദ്യയും പോകെ പ്പോകെ പ്രണയബദ്ധരാവുകയായിരുന്നു. ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും ദൈവഹിതം അവര്‍ക്കെതിരായി. ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കമല്‍ ബന്ധം ഒഴിയുകയും, ശേഷം നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ശ്രീവിദ്യക്ക് വലിയ ഷോക്ക് സമ്മാനിച്ച സംഭവമായിരുന്നു ഇത് നടന്‍ മധു സംവിധാനം ചെയ്ത ‘തീക്കനല്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ ശ്രീവിദ്യ പരിചയപ്പെടുന്നത് ആയിടെയാണ്. ‘തീക്കനല്‍’ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടി. സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ വിവിധ നിറമുള്ള ആഡംബരക്കാറുകളില്‍ സ്ഥിരമായി സെറ്റില്‍ വന്നിരുന്ന സുമുഖനായ ജോര്‍ജില്‍ അതിനോടകം തന്നെ പലരും ആകൃഷ്ടരായി കഴിഞ്ഞിരുന്നു. ആംഗലേയ ഭാഷയിലുള്ള ജോര്‍ജിന്റെ നൈപുണ്യവും ഒപ്പം സൗമ്യമായ പെരുമാറ്റവും സഹപ്രവര്‍ത്തകരുടെയടക്കം ശ്രദ്ധ പിടിച്ചു പറ്റി. വിവാഹത്തിന് സമയമായി എന്ന് ചിന്തിച്ചിരുന്ന ശ്രീവിദ്യ, സ്വാഭാവികമായും ജോര്‍ജില്‍ അനുരക്തനായി. അവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്.
എന്നാല്‍ വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ് എന്നറിയാന്‍ ശ്രീവിദ്യ വളരെയധികം വൈകി പോയിരുന്നു. ജോര്‍ജ്ജുമായുള്ള ദാമ്പത്യം ശ്രീവിദ്യയെ കൊണ്ട് ചെന്നെത്തിച്ചത് വലിയൊരു ദുരന്തത്തിലേക്കാണ്. കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായി ഉണ്ടായി. ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെ കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി. ഇങ്ങനെ ദാമ്പത്യ ജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്. സ്വത്തും സമ്പാദ്യവും വരെ അവര്‍ക്ക് നഷ്ടപ്പെട്ടു. അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ അവര്‍ പുറന്തള്ളപ്പെട്ടു. ജീവിതത്തില്‍ ഏറ്റവുമധികം വേദനിച്ചത് ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നപ്പോഴായിരുന്നു എന്ന് ശ്രീവിദ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് ജന്മസാഫല്യമായി കണ്ടിരുന്ന ശ്രീവിദ്യയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു ഈ സംഭവങ്ങളെല്ലാം. ഏറെ കാലം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ശ്രീവിദ്യ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ തിരിച്ചു പിടിച്ചത്. സംവിധായകന്‍ ഭരതനുമായുള്ള അവരുടെ ബന്ധവും അധികകാലം നീണ്ടില്ല. ഭരതന്‍ കെപിഎസി ലളിതയെ വിവാഹം കഴിച്ചതോടെ ആ ബന്ധവും അവസാനിച്ചു. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചവരോട് അവര്‍ അന്ന് പറഞ്ഞു. ‘എന്റെ ഇന്നലെകളെ അറിഞ്ഞു കൊണ്ടായിരിക്കും ഒരാള്‍ എനിക്ക് വിവാഹം ആലോചിച്ചു വരിക. സ്വാഭാവികമായും ഒരു സന്ദര്‍ഭം വരുമ്പോള്‍ അയാള്‍ കുത്തു വാക്ക് പറയുമെന്നുറപ്പാണ്. എന്തൊക്കെയായാലും നീയൊക്കെ ഇങ്ങനെയല്ലേടീ എന്നയാള്‍ ചോദിക്കുമെന്നുറപ്പാണ്. എനിക്കത് കേള്‍ക്കേണ്ട കാര്യമില്ല’… ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷമാണ് ശ്രീവിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറുന്നതും മലയാളസിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും.
