Malayalam
പേളി മുതല്‍ ശ്രീനിവാസന് വരെ!; മോന്‍സനൊപ്പമുള്ള കൂടുതല്‍ ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്
പേളി മുതല്‍ ശ്രീനിവാസന് വരെ!; മോന്‍സനൊപ്പമുള്ള കൂടുതല്‍ ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് മോന്സന് മാവുങ്കലും തട്ടിപ്പും. ഇപ്പോഴിതാ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധത്തിന് പുറമേ മോന്‍സനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. യുവതാരങ്ങളായ ടൊവിനോ തോമസ് മംമ്ത മോഹന്‍ദാസ്, നവ്യനായര്‍, പേളി മാണി, ബാല എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന നടന് ശ്രീനിവാസനൊപ്പവും മോന്സന് എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാന്‍ താല്‍ക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരില്‍ നിന്നായി ഇയാള്‍ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
താന്‍ അടിസ്ഥാനപരമായി ഒരു ഡോക്ടറാണ്, തന്റെ മേഖല മെഡിക്കല്‍ ഫീല്‍ഡ് ആണ് എന്നാണ് മോന്സണ് അഭിമുഖങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. എങ്ങനെ പുരാവസ്തു ശേഖരണം ഒരു ഭ്രാന്തായി എന്നത് സംബന്ധിച്ച ഒരു ട്വിസ്റ്റും പല അഭിമുഖങ്ങളിലും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ദില്ലിയില്‍ പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ ഇയാള്‍ ഫ്ലൈറ്റില്‍ വരുമായിരുന്നത്രെ. അങ്ങനെ ഒരു യാത്രയില്‍ തൊട്ടടുത്തിരുന്നു യാത്ര ചെയ്തത് മൈസൂര്‍ മഹാരാജാവായിരുന്ന നരസിംഹ വാഡിയാര്‍ ആയിരുന്നു എന്നും, ബാംഗ്ളൂരിലേക്കുള്ള യാത്രാമധ്യേ പരിചയപ്പെട്ട രാജാവിന്റെ ക്ഷണം സ്വീകരിച്ച് താന്‍ മൈസൂര്‍ കൊട്ടാരത്തിലേക്ക് ചെന്നു എന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
അങ്ങനെ കൊട്ടാരത്തില്‍ ഇടയ്ക്കിടെ വന്നും പോയും ഇരിക്കുന്നതിനിടയിലാണത്രെ ഇയാള്‍ക്ക് രത്നങ്ങളുടെയും വജ്രങ്ങളുടെയും പുരാവസ്തുക്കളുടെയും ഒക്കെ കമ്പം കയറുന്നത്. അങ്ങനെ കമ്പം അതിരുകടന്നപ്പോള്‍ ഒടുവില്‍ മെഡിക്കല്‍ ഫീല്‍ഡിലെ പ്രാക്ടീസ് ഒഴിവാക്കി മുഴുവന്‍ സമയവും പുരാവസ്തു ശേഖരണത്തിനും ഇടപാടിനും വേണ്ടി നീക്കി വെക്കുകയായിരുന്നു എന്നാണ് മോന്സണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
