News
ഒരു പ്രശ്നം മുണ്ട് എപ്പോഴും അഴിഞ്ഞു വീഴുന്നതാണ്!; 19 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മ്മകള്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്
ഒരു പ്രശ്നം മുണ്ട് എപ്പോഴും അഴിഞ്ഞു വീഴുന്നതാണ്!; 19 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മ്മകള്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്
സൂപ്പര്‍ ഹീറോ ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നാണ് ‘ദേവദാസ്’. 2002 ജൂലൈ 12നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്റോഫ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ 19-ാം വാര്‍ഷിക ദിനത്തില്‍ സിനിമാ സെറ്റില്‍ നിന്നുള്ള ഓര്‍മ്മകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാന്. സഞ്ജയ് ലീല ബന്‍സാലി ഐശ്വര്യ റായ് തുടങ്ങിയവരോടൊപ്പമുള്ള ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത് വൈറലായി മാറിയത്.
‘എല്ലാ അര്‍ധരാത്രികളിലും പുലര്‍ച്ചെയുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത് അതിസുന്ദരിയായ മാധുരി ദിക്ഷിതും, ഗംഭീരയായ ഐശ്വര്യയും, എപ്പോഴും സന്തോഷവാനായ ബിന്ദാസ് ബിന്ദുവും, ജീവിതം നിറഞ്ഞു നിക്കുന്ന കിറോണ്‍ ഖേറും ബന്‍സാലിക്ക് കീഴിലുള്ള മുഴുവന്‍ ടീമും കാരണമാണ്. ഒരു പ്രശ്നം മുണ്ട് എപ്പോഴും അഴിഞ്ഞു വീഴുന്നതാണ്! സ്നേഹത്തിന് നന്ദി’ എന്നാണ് ഷാരുഖ് ട്വിറ്ററില്‍ കുറിച്ചത്.
ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബന്‍സാലി സിനിമയാക്കിയത്, ചിത്രം പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ടും, നിതിന്‍ ചന്ദ്രകാന്ത് ദേശായിയുടെ കലാസംവിധാനം കൊണ്ടും, ഇസ്മായില്‍ ദര്‍ബറിന്റെ സംഗീതം കൊണ്ടുമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സിനിമയുടെ 19-ാം വാര്‍ഷികത്തില്‍ മാധുരി ദിക്ഷിതും ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ദിലീപ് കുമാറിനെ കൂടി ഓര്‍ത്തുകൊണ്ടാണ് മാധുരി ഇന്‍സ്റ്റഗ്രാമില്‍ ദേവദാസ് ഓര്‍മ്മകള്‍ പങ്കുവച്ചത്. 1955ല്‍ ഇറങ്ങിയ ബിമല്‍ റോയ്യുടെ ദേവദാസില്‍ ദിലീപ് കുമാര്‍ ആയിരുന്നു ദേവദാസ് ആയി അഭിനയിച്ചത്. വിജയന്തിമാല, സുചിത്ര സെന്‍ എന്നിവരാണ് ദിലീപ് കുമാറിനിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
