News
‘സല്മാന് വരും, പാന്‍ ഇന്ത്യന്‍ അപ്പീലും കൈവരും’; ചിരഞ്ജീവിയുടെ ക്ഷണം സ്വീകരിച്ച് സല്മാന് ഖാന്, ആകാംക്ഷയോടെ ആരാധകര്‍
‘സല്മാന് വരും, പാന്‍ ഇന്ത്യന്‍ അപ്പീലും കൈവരും’; ചിരഞ്ജീവിയുടെ ക്ഷണം സ്വീകരിച്ച് സല്മാന് ഖാന്, ആകാംക്ഷയോടെ ആരാധകര്‍
ടോളിവുഡിലെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന ‘ഗോഡ്ഫാദര്’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദര്’.
ചിത്രത്തിന്റെ താരനിര്ണ്ണയും പിന്നെയും വാര്‍ത്തകളില്‍ നിറയുകയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച എക്സ്റ്റന്‍ഡഡ് കാമിയോ വേഷമായിരുന്ന ‘സയീദ് മസൂദി’നെ തെലുങ്കില്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി സാക്ഷാല്‍ സല്മാന് ഖാനെ ക്ഷണിച്ചതായി കഴിഞ്ഞ വാരം തന്നെ വാര്‍ത്തകള്‍ എത്തിയിരുന്നു.
എന്നാല്‍ കഥാപാത്രത്തില്‍ ആവേശം തോന്നാത്ത സല്മാന് ഓഫര്‍ നിരസിച്ചെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സല്മാന് ഖാന് ഗോഡ്ഫാദറിന്റെ ഭാഗമാകുമെന്നു തന്നെയാണ് പുതിയ വിവരം. ചിരഞ്ജീവിയുടെ 153-ാം ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഭാഗമാവുമെന്ന് ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്മാന് ഖാന്. സല്മാന് എത്തുന്നതോടെ ചിത്രത്തിന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൈവരുമെന്നും വിപണിമൂല്യം വര്‍ധിക്കുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
