Malayalam
വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം പ്രീതി സിന്റ; ആശംസകളുമായി ആരാധകര്‍
വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം പ്രീതി സിന്റ; ആശംസകളുമായി ആരാധകര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രീതി സിന്റ. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി പേര്‍ താരത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്.
തനിക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു സന്തോഷമാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ വിവരം പങ്കുവയ്ക്കുന്നതില്‍ താന്‍ ഏറെ സന്തോഷത്തിലാണെന്നും താരം കുറിച്ചു.
‘ഇന്ന് ഞങ്ങള്‍ അത്ഭുതകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഇരട്ടകുട്ടികളായ ജിയ സിന്റ ഗൂഡനൗയേയും, ജയ് സിന്റ ഗൂഡനൗയേയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ജീനും ഞാനും അതിയായ സന്തോഷത്തിലും ആവേശത്തിലുമാണ് പ്രീതി ഫേസ്ബുക്കില്‍ കുറിച്ചു.
മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും നായികയായെത്തി. കല്‍ ഹോ നഹോ, ദില്‍ ചാഹ്താ ഹേ, കഭി അല്‍വിദാ നാ കഹ്നാ വീര്‍ സാര, സലാം സമസ്തേ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
2016 ലാണ് അമേരിക്കന്‍ സ്വദേശിയായ ജീന്‍ ഗൂഡനൗവിനെ പ്രീതി വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം താല്‍ക്കാലികമായി ഒരു ഇടവേളയെടുത്തുവെങ്കിലും വൈകാതെ പ്രീതി അഭിനയത്തിലേക്ക് മടങ്ങി. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
