News
ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര എത്തുന്നു?; വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര എത്തുന്നു?; വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ഇളയദളപതി വിജയ്- അറ്റ്‌ലി കൂട്ടുക്കെട്ടില്‍ നിരവധി വിജയ ചിത്രങ്ങള്‍ ആണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പേ തന്നെ അറ്റ്ലി ഷാരൂഖ് ഖാനുമായി ഒരു ബോളിവുഡ് ചിത്രം ചെയ്യുവാന്‍ പദ്ധതിയിടുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഷാരൂഖിന്റെ നായികയായി നയന്‍താര എത്തുന്നു എന്നും വിവരം ഉണ്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട നായികയെ ചിത്രത്തില്‍ കൊണ്ടുവരണമെന്ന് നിര്‍മാതാക്കള്‍ ആലോചിച്ചിരുന്നു. നയന്‍താരയെ അറ്റ്ലി ചിത്രത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജാറാണി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നയന്‍താര അറ്റ്‌ലിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
തമിഴിലും മലയാളത്തിലുമെല്ലാം ഒരേ സമയം തിളങ്ങി നില്‍ക്കുകയാണ് നയന്‍താര. ജയറാം ചിത്രമായ മനസിനക്കരെയിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. നയന്‍താരയെ പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനാണ് നിര്‍മാതാവും കാമുകനുമായ വിഘ്നേഷ് ശിവനും.
ഇരുവരും കഴിഞ്ഞ ദിവസം കേരളത്തിലേയ്ക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രൈവറ്റ് ജെറ്റിലായിരുന്നു നയന്‍താരയും വിഘ്നേഷും കൊച്ചിയില്‍ വന്നിറങ്ങിയത്. നയന്‍താരയുടെ അമ്മയെ കാണുവാനായാണ് ഇരുവരും എത്തിയതെന്നാണ് വിവരം. പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്ന നയന്‍താരയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും തിരിച്ച് പോയിരുന്നു. എന്നാല്‍ വിവാഹത്തിനായാണ് രണ്ടാളും എത്തിയതെന്ന തരത്തില്‍ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു മുമ്പും പലതവണ ഇരുവരുടെയും വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പരസ്പരം പ്രണയിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് വിഘ്നേഷ് അന്ന് പറഞ്ഞത്.
