Malayalam
ഒടുവില്‍ സ്ത്രീ ശക്തി വിജയിച്ചു; മരയ്ക്കാറിനെ തിയേറ്ററിലെത്തിക്കാന്‍ പരിശ്രമിച്ചത് സുചിത്ര; പോസ്റ്റുമായി നിര്‍മ്മാതാക്കളിലൊരാളായ സിജെ റോയ്
ഒടുവില്‍ സ്ത്രീ ശക്തി വിജയിച്ചു; മരയ്ക്കാറിനെ തിയേറ്ററിലെത്തിക്കാന്‍ പരിശ്രമിച്ചത് സുചിത്ര; പോസ്റ്റുമായി നിര്‍മ്മാതാക്കളിലൊരാളായ സിജെ റോയ്
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസായി തന്നെ എത്തുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടാത്.
എന്നാല്‍ മരക്കാര്‍ തിയേറ്ററിലെത്തിക്കാന്‍ വേണ്ട എല്ലാ നീക്കങ്ങളും നടത്തിയത് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയാണെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. നിര്‍മ്മാതാക്കളിലൊരാളായ സി.ജെ റോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയില്‍ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട ശേഷം സുചിത്രയാണ് മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. തുടര്‍ന്ന് സുചിത്ര തന്നെ മോഹന്‍ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്നാണ് റോയ് പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സ്ത്രീ ശക്തി തന്നെ വിജയിച്ചു എന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്. അത്താഴത്തിനിടയിലും മോഹന്‍ലാലും ആന്റണിയുമായുള്ള സംസാരത്തിനിടയിലെല്ലാം സുചിത്ര ഇതേ കുറിച്ച് തന്നെയാണ് പറഞ്ഞിരുന്നതെന്നു റോയി വ്യക്തമാക്കുന്നുണ്ട്.
ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയില്‍വെച്ചായിരുന്നു സ്ക്രീനിംഗ്. കുടുംബ സമേതമാണ് മോഹന്‍ലാല്‍ പ്രിവ്യൂഷോ കാണാനെത്തിയത്. നിര്‍മ്മാണ പങ്കാളികള്‍ക്കും ചലച്ചിത്രമേഖലയിലെ മറ്റ് പ്രമുഖര്‍ക്കും വേണ്ടിയായിരുന്നു പ്രിവ്യൂഷോ സംഘടിപ്പിച്ചത്.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് മരക്കാറിന്റെ റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം ആയത്. വ്യാഴാഴ്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിലാണ് മരക്കാര്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അന്തിമമായി തീരുമാനമായത്.
