Malayalam
അച്ഛന്റെ മരണത്തിനു പിന്നാലെ അമ്മയും പോയി, പീന്നീട് ഞാന്‍ കണ്ട പൊട്ടിക്കാളി ആയിരുന്നില്ല വീണ!; അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
അച്ഛന്റെ മരണത്തിനു പിന്നാലെ അമ്മയും പോയി, പീന്നീട് ഞാന്‍ കണ്ട പൊട്ടിക്കാളി ആയിരുന്നില്ല വീണ!; അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വീണ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ത്രീധനം വാങ്ങിക്കുന്നവരെ വേണ്ടെന്ന് പറയണമെന്നായിരുന്നു കുറിപ്പില്‍ വീണ പറഞ്ഞത്.
തുടര്‍ന്ന് താരത്തിന്റെ കല്യാണ ഫോട്ടോ വെച്ചായിരുന്നു സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഉയര്‍ന്നത്. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ട് നില്‍ക്കുന്ന വീണയുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. ഒടുവില്‍ നടി തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആരെയും പേടിച്ചിട്ടല്ല, മകനെ കുറിച്ച് കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് എഴുത്ത് നീക്കം ചെയ്തതെന്ന് വീണ പറയുകയും ചെയ്തു. എന്നിട്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ വീണ നായര്‍ക്കും കുടുംബത്തിനും എതിരെ മോശം കമന്റുകള്‍ നിറയുകയായിരുന്നു. ഇതോടെ വീണയെ കുറിച്ച് തുറന്നെഴുത്തുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ.
വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം. ആദ്യമായി വീണ സീരിയലില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ വീണയെ എനിക്കറിയാം. സ്വാതി തിരുനാള്‍ അക്കാദമിയില്‍ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവര്‍ ആറ്റുകാല്‍ സ്ഥിര താമസമാക്കുകയും സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ആദ്യത്തെ സീരിയല്‍ തന്നെ എന്റൊപ്പം ആണ്.
ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊന്‍പതുകാരിയെ ഷൂട്ടിംഗിന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്. എന്നാല്‍ അവളുടെ ഡിഗ്രി കാലഘട്ടത്തില്‍ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങള്‍ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു. ഞാന്‍ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിര്‍ന്ന പെണ്ണായി. നിര്‍ഭാഗ്യവശാല്‍ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.
തളര്‍ന്നു പോയ അവളുടെ അതി ജീവനത്തിന് അവള്‍ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങള്‍ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങള്‍. അവളുടെ മനക്കരുത്ത്. കൊട്ടക്കണക്കിന് വീട്ടുകാര്‍ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വര്‍ണ്ണം ധരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ വിവാഹ ദിനത്തില്‍ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാര്‍ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വര്‍ണ്ണവും അല്ല.
ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലില്‍ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോണ്‍ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ് മുതല്‍ നാടകത്തില്‍ അഭിനയിച്ച് ആ കാശിന് സ്വര്‍ണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിര്‍മണ്ഡപത്തില്‍ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെണ്‍കുട്ടികള്‍ കാര്യശേഷി ഉള്ളവര്‍ ആവണം. ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതിജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്… എന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
ലൈവിലെത്തിയായിരുന്നു വീണയുടെ പ്രതികരണം. കുറിപ്പ് പിന്‍വലിച്ചത് ആരേയും പേടിച്ചിട്ടല്ല. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി ഇതിന് മുമ്പും ഉണ്ടായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെന്നും താരം പറഞ്ഞു. തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് വീണ പറഞ്ഞത്. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറ് മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും വീണ പറഞ്ഞു. അച്ഛന്റേയും അമ്മയുടേയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേക്കായി സ്വര്‍ണം എടുത്തതായിരുന്നുവെന്നാണ് വീണ പറുന്നത്. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. ഏഴ് വര്‍ഷം കൊണ്ട് തനിക്ക് മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് തന്നെ പറയണമെന്നാണ് തന്റെ നിലപാടെന്ന് വീണ വ്യക്തമാക്കുകയും ചെയ്തു. താരത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.
പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ. യാത്ര ചെയ്യാന്‍ അനുവദിക്കൂ. സഹിക്കൂ, ക്ഷമിക്കൂ എന്നു പറഞ്ഞ് പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ പറയൂ. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. എന്നായിരുന്നു വീണ പിന്‍വലിച്ച കുറിപ്പ്.
