News
കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകള്‍ പണിയും!, വിവാദത്തിലായി കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്ഫാന് അന്‍സാരി
കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകള്‍ പണിയും!, വിവാദത്തിലായി കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്ഫാന് അന്‍സാരി
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. എന്നാല്‍ ഇപ്പോഴിതാ കങ്കണയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്ന്നതായിരിക്കുമെന്ന വിവാദ പ്രസ്താവനയിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്ഫാന് അന്‍സാരി.
‘ജംതാരയില്‍ 14 ലോകോത്തര റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സിനിമാ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകളായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.’ വെള്ളിയാഴ്ച സ്വയം പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ എംഎല്‍എ ഡോ ഇര്ഫാന് അന്‍സാരി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ തങ്ങളുടെ റോഡുകളെ നടിമാരുടെ കവിളുമായി താരതമ്യം ചെയ്യുന്നത് ഇതാദ്യമല്ല. 2005ല്‍ ബിഹാറിലെ റോഡുകള്‍ നടി ഹേമമാലിനിയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വാഗ്ദ്ധാനം ചെയ്തിരുന്നു. 2021 നവംബറില്‍, പുതുതായി നിയമിതനായ രാജസ്ഥാന് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ, സംസ്ഥാനത്തെ റോഡുകളെ നടി കത്രീന കൈഫിന്റെ കവിളുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ചിരുന്നു.
തന്റെ മണ്ഡലത്തിലെ റോഡുകളെ ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ച തന്റെ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായ ഗുലാബ്രറാവു പാട്ടീലിന് മാപ്പ് പറയേണ്ടി വന്നിരുന്നു.
ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാല്‍ ദീര്‍ഘനേരം മുഖംമൂടി ധരിക്കരുതെന്ന് അവകാശപ്പെട്ട് ഡോ ഇര്ഫാന് അന്‍സാരി ഈ ആഴ്ച ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ”എംബിബിഎസ് ഡോക്ടര്‍” എന്ന നിലയിലുള്ള തന്റെ യോഗ്യതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അഭിപ്രായപ്രകടനം മാസ്ക്കുകളുടെ അമിതവും നീണ്ടുനില്ക്കുന്നതുമായ ഉപയോഗം കാര്‍ബണ്‍ഡൈഓക്സൈഡ് ശ്വസിക്കുന്നതിലേക്ക് നയിക്കുമെന്ന് എം.എല്‍.എ പ്രസ്താവിച്ചിരുന്നു.
