Malayalam
തന്റെ ബംഗാളി ആരാധികയെ ഞെട്ടിച്ച് ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ദിലീപിന്റെ സര്‍പ്രൈസ്’
തന്റെ ബംഗാളി ആരാധികയെ ഞെട്ടിച്ച് ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ദിലീപിന്റെ സര്‍പ്രൈസ്’
നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. ഇപ്പോഴിതാ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയ്ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ദിലീപ്. റോക്ഷത് ഖാത്തൂന് എന്ന ബംഗാള്‍ സ്വദേശിനിയ്ക്ക് ആണ് നടന് ദിലീപിന്റെ സര്‍പ്രൈസ്.
മലയാളത്തെ ഏറെ സ്നേഹിക്കുന്ന, ദിലീപ് ചിത്രങ്ങള്‍ മാത്രം കാണുന്ന റോക്ഷത് ദിലീപിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞതിനു പിന്നാലെയാണ് താരം വിഡിയോ കോള്‍ വഴി തന്റെ ബംഗാളി ആരാധികയെ ഞെട്ടിച്ചത്.
‘ഒരിക്കലും പ്രതീക്ഷിച്ചില്ല ദിലീപേട്ടന് വിളിക്കുമെന്നും അദ്ദേഹത്തോട് വിഡിയോ കോളില്‍ സംസാരിക്കാന്‍ കഴിയുമെന്നും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കോള്‍ കട്ടായ ശേഷം ഞാന്‍ എന്നെത്തന്നെ പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാര്‍ഥ്യമാണോ ഇതെന്ന് അറിയാന്‍.
വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാന്‍ ഈ സന്തോഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്’ എന്നും റോക്ഷത് പറയുന്നു.
തന്റെ സഹോദരിക്കും കുടുംബത്തോടും ഒപ്പമാണ് ദിലീപിന്റെ വിഡിയോ കോള്‍ റോക്ഷത് അറ്റന്‍ഡ് ചെയ്തത്. കുടുംബത്തിലെ എല്ലാവരോടും ദിലീപ് സംസാരിച്ചു. കൊല്‍ക്കത്തയില്‍നിന്ന് കേരളത്തിലെത്തിയതാണ് റോക്ഷത്തിന്റെ അച്ഛന് റഫീഖ്. റഫീഖും ദിലീപിന്റെ കടുത്ത ആരാധകനാണ്.
