Malayalam
നിര്‍ണായക നീക്കത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്; ഈ താരങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരം
നിര്‍ണായക നീക്കത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്; ഈ താരങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരം
മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. നിലവില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തിലേയ്ക്ക് കടന്ന വേളയിലാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. തൊട്ടുപിന്നാലെ പ്രതി സുനില്‍ കുമാറിന്റെ അമ്മയും നിര്‍ണായകമായ ചില കാര്യങ്ങള്‍ പരസ്യമാക്കി. രണ്ടു പേരും അന്വേഷണ സംഘത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദിലീപിനെതിരെ പുതിയ കേസെടുത്തു. ആദ്യ കേസില്‍ തുടരന്വേഷണവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം റദ്ദാക്കി വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍ ഇപ്പോഴിതാ കേസില്‍ കൂറുമാറിയവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നുവെന്നാണ് വിവരം. ചില മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്. കാവ്യാ മാധവന്, സിദ്ദിഖ്, ഭാമ, ബിന്ദുപണിക്കര്‍, ഭാമ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറയുന്നത്. ബാലചന്ദ്രകുമാറിന്റെയും ദീലിപിന്റെ മുന്‍ ജോലിക്കാരനായിരുന്നു ദാസന്റെ മൊഴിയും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഈ രണ്ട് ശക്തമായ മൊഴികളുടെ വിശദമായ വിവരം പ്രോസിക്യൂഷന് കോടതിയെ ധരിപ്പിക്കും. ഇപ്പോള്‍ കേസില്‍ എട്ടാം പ്രതിയാണ് ദിലീപ് എങ്കിലും ശക്തമായ തെളിവുകള്‍ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതുവഴി കൃത്രിമം നടന്നതായി സംശയിക്കണം. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഹൈക്കോടതിയില്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിര്‍ണായകവിവരങ്ങള്‍ വീണ്ടെടുക്കാനായി മറ്റുവിവരങ്ങള്‍ വീണ്ടെടുക്കാന്‍ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന് വ്യക്തമാക്കിയിരിക്കുന്നത്.
ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 600ഓളം രേഖകള്‍ പരിശോധിച്ചു, 84 തൊണ്ടിസാധനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. എങ്കിലും പല നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്തുന്ന സംഘം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ജനുവരി ആദ്യത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഫെബ്രുവരി 20 വരെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കും.
അതേസമയം, തനിക്കെതിരെ നടന്ന ലൈം?ഗിക അതിക്രമത്തെ കുറിച്ച് നടി തുറന്നുപറയുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ നടി പങ്കെടുക്കുമെന്ന് ബര്‍ഖ അറിയിച്ചു. ‘നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.’ ബര്‍ഖാ ദത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതിന്റെ പോസ്റ്റര്‍ ‘വി ദ വുമന്‍ ഏഷ്യ’യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് രണ്ട് മണിയോടെ നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും.
