Malayalam
ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടി ക്രൈംബ്രാഞ്ച്; ഹര്‍ജി പരിഗണിക്കുന്നത് നാളെ, ദിലീപിന് നിര്‍ണായകം
ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടി ക്രൈംബ്രാഞ്ച്; ഹര്‍ജി പരിഗണിക്കുന്നത് നാളെ, ദിലീപിന് നിര്‍ണായകം
കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പ്രതികള്‍ നല്‍കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിലെ എഫ്ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടാന്‍ ക്രൈംബ്രാഞ്ച്. ഇതേ തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് തേടും. തെളിവ് നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ കസ്റ്റഡിയില്‍ ദിലീപിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വാദിക്കാനാകും സാധ്യത. അന്വേഷണം അന്തിമഘട്ടത്തിലാണ്. അന്വേഷണം പൂര്‍ത്തിയാക്കുന്നകാര്യത്തില്‍ കോടതിക്ക് സമയപരിധി നിശ്ചയിക്കാമെന്ന് ഹൈക്കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതുവഴി കൃത്രിമം നടന്നതായി സംശയിക്കണം. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഹൈക്കോടതിയില്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിര്‍ണായകവിവരങ്ങള്‍ വീണ്ടെടുക്കാനായി മറ്റുവിവരങ്ങള്‍ വീണ്ടെടുക്കാന്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
എന്നാല്‍ മലയാളികളുടെ പ്രിയ നടി കെപിഎസി ലളിതയുടെ വേര്‍പാടില്‍ വേദനിച്ചിരിക്കുന്ന ദിലീപിന് വ്യാഴാഴ്ചത്തെ വിധിയില്‍ ആശ്വാസമുണ്ടാകുമോ ഇല്ലയോ എന്ന് കണ്ട് തന്നെ അറിയണം. ലളിതയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ദിലീപ്. ചേച്ചിയായും അമ്മയായുമെല്ലാം ലളിത എന്നും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ഈ വേദന താങ്ങാവുന്നതിലും അപ്പുറമാണ് താരത്തിന്. കെപിഎസി ലളിതയുടെ വിയോഗ വാര്‍ത്ത എത്തിയ ആ രാത്രിയില്‍ തന്നെ ലളിതയെ അവസാനമായി ഒന്ന് കാണാന്‍ ദിലീപും കാവ്യയും എത്തിയിരുന്നു. കാവ്യ മൃതദേഹത്തിന് അടുത്ത് ചെന്ന് നിന്നപ്പോഴും ദിലീപ് അല്‍പ്പം മാറിയാണ് നിന്നിരുന്നത്.
ഒരു ചിരിയോടെ മാത്രം കണ്ടിരുന്ന ആ മുഖത്തേയ്ക്ക് അധിക നേരം നോക്കി നില്‍ക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാകും ദിലീപ് മാറിനിന്നത്. തല കുമ്പിട്ട് വിഷമിച്ച് നില്‍ക്കുന്ന ദിലീപിന്റെ ഉള്ള് പിടയുന്നത് ആ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ വിയോഗ വാര്‍ത്തയില്‍ തളര്‍ന്ന് നില്‍ക്കവെ തന്നെ ഹര്‍ജിയില്‍ ഒരു തീരുമാനം ഉണ്ടാകുമ്പോള്‍ അത് ദിലീപിനെ സംബന്ധിച്ച് അതി നിര്‍ണായകം തന്നെയാണ്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കക്ഷിചേര്‍ന്ന നടിയുടെ വാദം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്കു മാറ്റിയിരിക്കുകയാണ്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് ഹൈക്കോടതി രജിസ്റ്റ്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാനാണു ഹൈക്കോടതി ജനുവരി 29നു നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും ഫോര്‍മാറ്റ് ചെയ്തെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ ഫോണില്‍നിന്നു ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ട്. അതില്‍ വളരെ നിര്‍ണായകമായ മൊഴികള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്നും ഈ കേസിന് എന്താണ് ഇത്ര പ്രത്യേകതയെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആരാഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയത്. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിക്കൂടെ എന്നു കോടതി ആരാഞ്ഞു. സമയപരിധി ഹൈക്കോടതി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ആരോപണം ഉയര്‍ത്തുന്നുണ്ടെങ്കിലും ദുരുദ്ദേശ്യം സ്ഥാപിക്കാന്‍ വസ്തുതകളൊന്നും നിരത്തിയിട്ടില്ല. ബാലചന്ദ്രകുമാറും ബൈജു പൗലോസും തമ്മില്‍ ഒരു ബന്ധവുമില്ല. അവര്‍ കണ്ടിട്ടുപോലുമില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
