Malayalam
ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്, അതിന് അന്വേഷണം ആവശ്യമാണ്, ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്, ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്, അതിന് അന്വേഷണം ആവശ്യമാണ്, ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്, ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഇതിനു പിന്നാലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്നും അതില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താത്പര്യമെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി. അന്വേഷണത്തിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണ് എന്നും പ്രതിയായ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് നടി ഹൈക്കോടതിയില്‍ പറഞ്ഞു.
പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്. അതിന് അന്വേഷണം ആവശ്യമാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണമെന്നും നടി അറിയിച്ചു.
ഗൂഢാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി അറിയിച്ചു.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാന്‍ ജനുവരി 29നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഫോണില്‍നിന്നു ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും ഇതില്‍ വളരെ നിര്‍ണായകമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റുകയാണ് അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്. മറ്റു പ്രതികളുടെ ഫോണുകളിലേക്കു വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നമ്പറുകള്‍ അരിച്ചുപെറുക്കുന്നത്. എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണു ക്രൈംബ്രാഞ്ചിന്.
കഴിഞ്ഞ ദിവസം കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി കക്ഷി ചേരണമെന്ന നടിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ആവശ്യം തള്ളി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്, ഇത് അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
കേസന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്ന് ആരോപിച്ചാണ് ദിലീപ് ഹൈക്കോടതിയില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. തുടരന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.
