Malayalam
ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു.., ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്
ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു.., ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത് എന്നാണ് വിവരം. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കി. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്.
അതേസമയം, കേസിലെ സാക്ഷിയായ ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനൂപും ബാലചന്ദ്രനും ഗ്രാന്റ് പിക്ച്ചേഴ്സില്‍ വച്ച് കണ്ടിരുന്നുവെന്നാണ് ദാസന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ ബാലചന്ദ്രനുമായി അനൂപിന് ബന്ധമില്ലെന്നാണ് ദിലീപിന്റെ മൊഴി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് ദിവസം നീണ്ടുനിന്ന 33 മണിക്കൂര്‍ ചോദ്യം ചെയ്യലാണ് എട്ടു മണിയോടെ പൂര്‍ത്തിയായിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും സംഘത്തെയും ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മോഹനചന്ദ്രന് അറിയിച്ചു.
ഇന്ന് ചോദ്യം ചെയ്യുന്നതിനിടെ ദിലീപുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള വ്യാസന് എടവനക്കാടിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് വ്യാസന് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസന് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായാണ് സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ പ്രതിയുടെ വിവരം പുറത്തു വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംഭാഷണം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ഈ പ്രതി ആദ്യ ദിവസം തന്നെ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി രണ്ട് തവണ പൊട്ടിക്കരഞ്ഞു. തുറന്നു പറച്ചിലിനു ശേഷം ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും സംസാരിച്ചതുമില്ല. തുടര്‍ന്ന് ഇയാള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്കി. കേസില്‍ ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യതയുണ്ട്.
ഗൂഡാലോചന കേസില്‍ രണ്ട് കവറുകളിലായി സമര്‍പ്പിച്ച തെളിവുകള്‍ വെച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇതുവരെ സംവിധായകന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അതിനാല്‍ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ പറ്റിയിരുന്നു. ഇത് പൊളിക്കാനാണ് അവസാന 11 മണിക്കൂറിലെ ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം ശ്രമിക്കുക.
