News
ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗണ്, നിലയ്ക്കലെത്തിയത് ഹെലികോപ്ടര്‍ മാര്‍ഗം
ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗണ്, നിലയ്ക്കലെത്തിയത് ഹെലികോപ്ടര്‍ മാര്‍ഗം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്. ഇപ്പോഴിതാ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.
തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ് സന്നിധാനത്ത് എത്തുന്നത്.
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, സഞ്ജയ്മാ ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവടി എന്നിവയാണ് അജയ്യുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇരു സിനിമകളുടെയും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി റണ്‍വേ 34 എന്ന ചിത്രവും അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്നുണ്ട്. താരം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. 2008ല്‍ ആണ് യൂ മീ ഓര് ഹം എന്ന ചിത്രം ഒരുക്കി അജയ് സംവിധാന രംഗത്ത് എത്തുന്നത്. 2016ല്‍ ശിവായ് എന്ന ചിത്രവും ഒരുക്കിയിരുന്നു.
