News
‘പൊന്നിയന്‍ സെല്‍വന്‍’ പോസ്റ്റര്‍ പങ്കുവെച്ച് ഐശ്വര്യ റായി, ആശംസകള്‍ അറിയിച്ച് ആരാധകര്‍
‘പൊന്നിയന്‍ സെല്‍വന്‍’ പോസ്റ്റര്‍ പങ്കുവെച്ച് ഐശ്വര്യ റായി, ആശംസകള്‍ അറിയിച്ച് ആരാധകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് ‘പൊന്നിയന്‍ സെല്‍വന്‍’. 2022ല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് വിവരം. അതേസമയം, 2018ല്‍ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയന്‍ സെല്‍വനിലൂടെ മടങ്ങി വരുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
വന്‍ മുടക്കുമുതലില്‍ ചിത്രീകരിക്കുന്ന പൊന്നിയന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാകും പുറത്തിറങ്ങുക. പെന്നിയന്‍ സെല്‍വന്‍-1 പോസ്റ്റര്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്ന വിധം സ്വര്‍ണ നിറത്തിലുള്ള വാളും പരിചയും ഗര്‍ജിക്കുന്ന സുവര്‍ണ കടുവയുമാണ് പോസ്റ്ററില്‍ കാണുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, മോഹന്‍ ബാബു എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഐശ്വര്യയുടെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്.
ചിത്രത്തിന്റെ ഭൂരിഭാഗവും തായ്‌ലന്‍ഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച് കഴിഞ്ഞു. ബാക്കി ഭാഗം ഷൂട്ടിങ് കഴിഞ്ഞ ആഴ്ച പുതുച്ചേരിയില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ചിത്രമൊരുക്കുന്നത്. മണിരത്‌നവും ബി. ജയമോഹനും ചേര്‍ന്നാണ് തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രെഡക്ഷന്‍സുമാണ് നിര്‍മാണം. എആര്‍ റഹ്മാനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
