Uncategorized
‘എന്നെ ഞാന്‍ അനുകരിക്കരുതെന്ന്’ നിര്‍ബന്ധം, ‘അടൂര്‍ ഗോപാലകൃഷ്ണന് ബ്രാന്‍ഡ്’ എന്നൊരു ബ്രാന്‍ഡ് സിനിമയില്‍ ഉണ്ടായിരിക്കരുത്, മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ എഴുതിച്ചേര്‍ത്ത സംവിധായകന്; എണ്‍പതിന്റെ നിറവില്‍ ‘മുഖാമുഖം’ അടൂര്‍!
‘എന്നെ ഞാന്‍ അനുകരിക്കരുതെന്ന്’ നിര്‍ബന്ധം, ‘അടൂര്‍ ഗോപാലകൃഷ്ണന് ബ്രാന്‍ഡ്’ എന്നൊരു ബ്രാന്‍ഡ് സിനിമയില്‍ ഉണ്ടായിരിക്കരുത്, മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ എഴുതിച്ചേര്‍ത്ത സംവിധായകന്; എണ്‍പതിന്റെ നിറവില്‍ ‘മുഖാമുഖം’ അടൂര്‍!
മലയാള സിനിമയ്ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. സമ്മിശ്രാഭിപ്രായങ്ങള്‍ നിഴലിക്കുമ്പോഴും അദ്ദേഹം മലയാളികള്‍ക്ക് മുന്നില്‍ വെച്ച ചിത്രങ്ങള്‍ക്കിന്നും ഏഴഴകാണ്, ഒപ്പം ആരാധകും. സ്വയംവരം, മതിലുകള്‍, എലിപ്പത്തായം, കൊടിയേറ്റം എന്നുതുടങ്ങി മലയാളികള്‍ മറക്കാത്ത സിനിമകള്‍ നല്കിയ ആ വലിയ മനുഷ്യന് ഇന്ന് എണ്‍പതാം പിറന്നാള്‍ ആണ്. തന്റേതായ ശൈലിയില്‍, തന്റെ കാഴ്ച്ചപ്പാടില്‍ നിന്ന് ഹിറ്റുകള്‍ സമ്മാനിച്ച അടൂര്‍ ഗോപാലകൃഷ്ണന് മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ എഴുതിച്ചേര്‍ത്ത സംവിധായകനാണ്.
തന്റെ ആദ്യ ചിത്രമായ സ്വയംവരത്തിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണന് മലയാളികള്‍ക്ക് പുതിയൊരു ദൃശ്യാവതരണം പരിചയപ്പെടുത്തുന്നത്. അടൂരിന്റെ സ്വയംവരത്തിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര’ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടു കൂടിയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം സ്വാഗതം ചെയ്തു.
കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ചതാണ്. അരവിന്ദന്, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്, രവീന്ദ്രന് തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു. അടൂരിന്റെ ചലച്ചിത്രങ്ങള്‍ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേര്‍ണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും എല്ലാം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. അജയന്റെ കഥ പറയുന്ന അനന്തരം (1987) എന്ന ചിത്രം അടൂരിന്റെ അഞ്ചാമത്തെ സിനിമയാണ്. ഈ ചിത്രവും പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരുപാടു വിമര്‍ശനങ്ങള്‍ക്കിടയാക്കിയ മുഖാമുഖം പുറത്തു വന്നിട്ട് മൂന്നു വര്‍ഷമേ ആയിരുന്നുള്ളൂ അന്ന. സ്വയംവരത്തില്‍ നിന്ന് അനന്തരത്തിലെത്തിയ ഒന്നരപ്പതിറ്റാണ്ടു കൊണ്ട് കഥപറച്ചിലിന്റെ സാങ്കേതികതയില്‍ അടൂര്‍ കൈവരിച്ച കൃതഹസ്തതയും സൂക്ഷ്മതയും വിസ്മയിപ്പിക്കുന്നതാണ്.
കഥാകഥനത്തിന്റെ സാമ്പ്രദായിക ശൈലികള്‍ ഉടച്ചു വാര്‍ത്ത നവതരംഗസിനിമയ്ക്ക് എണ്‍പതുകളില്‍ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച മാതൃകകളിലൊന്നു കൂടിയാണ് അനന്തരം. ചിത്രം റിലീസ് ആകുമ്പോള്‍ എണ്‍പതുകളിലെ കുറേ ചെറുപ്പക്കാര്‍ക്കെങ്കിലും അവരവരുടേതായ മാനസികതലങ്ങളില്‍ നിന്നുകൊണ്ട് കഥാപാത്രമായ അജയനുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുമായിരുന്നു. അടൂരിന്റെ അനന്തരം മാത്രമല്ല, എല്ലാ ചിത്രങ്ങളിലും സമൂഹവുമായി ചുറ്റപ്പെട്ടു കിടക്കുന്ന ജീവിതങ്ങളെ കോര്ത്തിയിണക്കിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അത് കാണുന്നവര്‍ക്കും ചുറ്റുപാടിലുള്ളവരെയോ തങ്ങളുടെ സ്വന്തം ജീവിതത്തെയോ തന്നെ ആ ചിത്രത്തില്‍ കാണാന്‍ സാധിക്കും.
അത്തരത്തിലൊരു ചിന്ത പ്രേക്ഷകരിലുണ്ടാക്കുന്ന ഒരു സംവിധായകാനാണ് ശരിക്കും സമൂഹത്തെയും സഹജീവിയെയും മനസ്സിലാക്കുന്നത്. അളന്നു മുറിച്ച് ചിട്ടപ്പെടുത്തിയ ഓരോ അടൂര്‍ ചിത്രങ്ങളും അദ്ദേഹത്തിന്റെ ചുറ്റുപാടുമായും കാഴ്ചപ്പാടുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. എന്തിനും രണ്ട് അഭിപ്രായങ്ങളുള്ള നാട്ടില്‍ അടൂര്‍ ചിത്രങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴുമുണ്ട്. എല്ലാവരും ഒരേ ശൈലിയില്‍ തന്നെ പോകണം എന്ന് ചിന്തിക്കുന്ന അക്കൂട്ടര്‍ അവാര്‍ഡ് ഫിലിം എന്ന് പുച്ഛിച്ച് തള്ളുമ്പോഴും അത്തരം സിനിമകളെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന സിനിമാ ആസ്വാദകരും ഇന്നുണ്ട്.
തന്റെ ചിത്രങ്ങളെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത് ആ ചിത്രങ്ങള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കാത്തതിനാലാണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നത്. തന്റെ ചിത്രങ്ങളെല്ലാം സിനിമയുടെ വികാസങ്ങള്‍ കണ്ടറിഞ്ഞ് എടുത്തവയായിരുന്നു. അവയില്‍ ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്കിയതെങ്കില് അത്തരം ചിത്രങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെയാണ് അവര്‍ അഭിപ്രായം പറയുന്നത്. ഒരിക്കല്‍ കണ്ട് മനസ്സിലായില്ലെങ്കില്‍ വീണ്ടും കണ്ടാല്‍ ചിത്രത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കും. കേരളത്തില്‍ ‘സ്വയംവരം’ പോലുള്ള ചിത്രങ്ങള്‍ വലിയ ജനപ്രീതിനേടിയത് മനസ്സിലാക്കാതെയാണ് പലരും അഭിപ്രായം പറയുന്നത്.
ഓരോ സിനിമ ചെയ്യുമ്പോഴും ‘എന്നെ ഞാന്‍ അനുകരിക്കരുതെന്ന്’ നിര്‍ബന്ധം പുലര്‍ത്താറുണ്ട്. ‘അടൂര്‍ ഗോപാലകൃഷ്ണന് ബ്രാന്‍ഡ്’ എന്നൊരു ബ്രാന്‍ഡ് സിനിമയില്‍ ഉണ്ടായിരിക്കരുത്. അതിനെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സിനിമയില്‍ വലിയ പരീക്ഷണം നടത്തിയ സംവിധായകനാണ് താന്‍. അതത് കാലത്തിലെ സിനിമയുടെ തരംഗങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് ഓരോ ചിത്രങ്ങളും ചെയ്യുന്നത്. കൊടിയേറ്റം ഗോപിയെപ്പോലുള്ള ഒരു നടനെ മലയാളികള്‍ ഏറ്റെടുത്തത് തന്റെ ചിത്രങ്ങളിലൂടെയാണ്. സിനിമയില്‍ നിന്ന് സമൂഹത്തിന് സന്ദേശം നല്‍കണമെന്ന് ശഠിക്കുന്നത് ശരിയല്ല, സിനിമ ആര്‍ക്കെങ്കിലും സന്ദേശം നല്‍കാനല്ല നിര്‍മിക്കുന്നതെന്നുമാണ് അടൂര്‍ ഗോപാലകൃഷ്ണന് പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്.
സാങ്കേതിക വിദ്യകളുടെ വളര്‍ച്ച അനുസരിച്ച് സിനിമാ മേഖലയിലും വലിയ മാറ്റം വന്നു. വിഎഫ്എക്സ് അടക്കം ഉള്‍പ്പെടുത്തിയ ദൃശ്യഭംഗിയുള്ള സിനിമകള്‍ വന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സാമ്പത്തിക ലാഭം ലക്ഷ്യമാക്കി എത്തുന്ന ഇത്തരം സിനിമകള്‍ ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടാറുണ്ട്. ചിലതാകട്ടെ ചില്ലുഗ്ലാസു പോലെ പൊട്ടിത്തകരാറുമുണ്ട്. ഇന്ന് കോടികള്‍ മുടക്കി ചിത്രങ്ങള്‍ ഇറക്കുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന് ചിത്രങ്ങളുടെ മുതല്‍ മുടക്കിന്നും കോടികള്‍ കഴിയാറില്ല. ആദ്യ ചിത്രമായ സ്വയംവരം എടുക്കുന്നത് രണ്ടര ലക്ഷം രൂപയ്ക്കാണ്.
അടൂരിന്റെ ഏറ്റവും ചെലവേറിയ പടം പിന്നെയും എന്ന ചിത്രമായിരുന്നു. ഒരു കോടി മാത്രമേ ചിത്രത്തിന് വേണ്ടി വന്നൂള്ളൂ. ഹിറ്റ് ആകുമോ ആളുകള്‍ സ്വീകരിക്കുമോ എന്നൊന്നും ഒരു പ്രതീക്ഷയുമില്ലാതെ ചവറു പോലെ മലയാള സിനിമകള്‍ സ്ക്രീനിലെത്തുമ്പോള്‍ വര്‍ഷങ്ങള്‍ ഇടവേളയെടുത്തിട്ടാണ് അടൂര്‍ ചിത്രങ്ങള്‍ പുറത്തെത്തുന്നത്. മൂന്ന് വര്‍ഷം അഞ്ച് വര്‍ഷം, എഴു വര്‍ഷം എന്നിങ്ങനെ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് അടൂര്‍ ചിത്രം എത്തുന്നത്. അതിന്റെ കാരണവും അടൂര്‍ പറയുന്നുണ്ട്. നമ്മളിപ്പോള്‍ ഒരു പടമെടുക്കുന്നു. ആളുകള്‍ കാണാതെപോകുന്ന അനുഭവം ഉണ്ടാകുമ്പോള്‍ വേറൊരു പടം ചെയ്യാന്‍ ഉത്സാഹം തോന്നത്തില്ല. അത് മറന്നിട്ട് വേണം വേറൊരു പടം തുടങ്ങാന്‍. ഇതാണല്ലോ നമ്മുടെ തൊഴിലെന്ന് ആലോചിച്ചിട്ട് വേണം വേറെ പടം എടുക്കാന്‍ പോകാന്‍ എന്നുമാണ് അദ്ദേഹം പറയുന്നത്.
പണ്ട് കാലത്ത് സിനിമ എന്നു പറയുന്നത് വിദൂരത്തായിരുന്നു. ഇന്ന് ആ കാലം മാറി. ആര്‍ക്കും എങ്ങനെയും സിനിമ എടുക്കാം എന്നുള്ള തരത്തിലേയ്ക്കായി കാര്യങ്ങള്‍. ഷോര്‍ട്ട് ഫിലിമുകള്‍ വെബ്സീരീസുകള് തുടങ്ങി സിനിമയില്‍ തന്നെ മാറ്റങ്ങള്‍ വന്നു. സ്കൂള്‍ കുട്ടികള്‍ വരെ സിനിമയെടുക്കുന്ന കാലം, എന്നാല്‍ ഇതിനെല്ലാം നന്നേ എതിര്‍പ്പാണ് അടൂരിന്. ചലച്ചിത്രകലയുടെ സാങ്കേതിക വിദ്യകളോ സൗന്ദര്യാത്മകതയോ അറിയാതെയും ഇന്ത്യയിലെയും ലോകത്തിലെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഇക്കാലത്തെ സിനിമാ പിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇത് കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഫലം.
ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്ക് നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്. മാത്രമല്ല, സ്കൂള്‍ വിദ്യാര്‍ഥികള്‍ സിനിമ എടുക്കുന്നതിനോട് തനിക്ക് വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. കുട്ടികളുടെ താല്പര്യത്തെക്കാള് അധ്യാപകരുടെ നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നിലുള്ളത്. ഇത് കുട്ടികളുടെ ഭാവി ഇല്ലാതാക്കുമെന്നും ഈ പ്രായത്തില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും വളരുകയാണ് വേണ്ടെന്നുമാണ് അടൂരിന് പുതിയ തലമുറയോട് പറയുവാനുള്ളത്.
സ്വയംവരം മുതല്‍ പിന്നെയും വരെ എത്തിയ നില്ക്കുന്ന അടൂര്‍ നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. പത്മശ്രീ പുരസ്കാരം, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം, മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം,മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച സംവിധായകര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, ജെ.സി ഡാനിയേല്‍ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
