Malayalam
പെപ്സിയെന്ന് കരുതി മണ്ണെണ്ണ കുടിച്ചു.., നാല് മണിക്കൂര്‍ ബോധമില്ലാതെ ആശുപത്രിയില്‍.., രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്; പ്രണവ് മോഹന്‍ലാലിന്റെ നായിക പറയുന്നു!
പെപ്സിയെന്ന് കരുതി മണ്ണെണ്ണ കുടിച്ചു.., നാല് മണിക്കൂര്‍ ബോധമില്ലാതെ ആശുപത്രിയില്‍.., രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്; പ്രണവ് മോഹന്‍ലാലിന്റെ നായിക പറയുന്നു!
പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇപ്പോഴിതാ റേച്ചലിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി നായകനായ കാവല്‍ ആണ് റേച്ചലിന്റെ പുതിയ സിനിമ. തന്റെ പുതിയ സിനിമയുടെ റിലീസിന് മുമ്പായി റേച്ചല്‍ നല്കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തന്റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. കുട്ടിക്കാലത്ത് അറിയാതെ മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. താന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത്ഭുതകരമായി താന്‍ തിരിച്ചുവരികയായിരുന്നുവെന്നും അത് തന്റെ രണ്ടാം ജന്മം ആണെന്നുമായിരുന്നു റേച്ചല്‍ പറഞ്ഞത്. താരത്തതിന്റെ വാക്കുകളിലേക്ക്.
ചെറുപ്പത്തില്‍, എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള പെപ്സിയായിരുന്നു അന്ന് കിട്ടിയിരുന്നത്. ഒരു ദിവസം അടുക്കളയിലേക്ക് ചെന്ന് പെപ്സി ബോട്ടില്‍ എടുത്തു കുടിച്ചു. പക്ഷെ അത് മണ്ണെണ്ണയായിരുന്നു. പെപ്സിയുടെ ബോട്ടിലില്‍ മണ്ണെണ്ണ ഒഴിച്ച് വച്ചിരിക്കുകയായിരുന്നു. എന്റെ ബോധം പോയി. ആകെ പ്രശ്നമായി. അന്നത്തെ സമയത്ത് ഫോണൊന്നുമുണ്ടായിരുന്നില്ല. എന്റെ അമ്മയാകട്ടെ എന്റെ അനിയത്തിയെ ഗര്‍ഭം ധരിച്ചിരുന്ന സമയമാണ്.
വീട്ടില്‍ ആരുമില്ലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അമ്മ. അത് വഴി ബൈക്കില്‍ പോവുകയായിരുന്ന ആരോടോ സഹായം ചോദിച്ച് അങ്ങനെ അടുത്തുള്ള നഴ്സിംഗ് ഹോമിലെത്തിച്ചു. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എങ്ങനെയോ അമ്മ അയല്‍ക്കാരുമായി ബന്ധപ്പെട്ടു. ഇതാണ് സംഭവിച്ചതെന്ന് ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാന്‍ ആവശ്യപ്പപെട്ടു. വിവരം അറിഞ്ഞതും ഡാഡിയും അങ്കിളും ആന്റിയുമൊക്കെ ഓടിയെത്തി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഞങ്ങള്‍ പരാമവധി ശ്രമിക്കാം പക്ഷെ ഈ കുട്ടി രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അത്രയും മണ്ണെണ്ണ ശ്വാസകോശത്തെ ബാധിച്ചിരുന്നു. നാല് മണിക്കൂര്‍ ഐസിയുവില്‍ കിടന്നിട്ടും എനിക്ക് ബോധം വന്നില്ല. ശരിക്കും പ്രാര്‍ത്ഥനയാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ശരിക്കും ഒരു അത്ഭുതമാണ്.
എന്റെ ഇടതുകയ്യില്‍ ഒരു പൊള്ളിയ പാടുണ്ട്. ആശുപത്രിക്കാര്‍ക്ക് വന്നൊരു തെറ്റാണ്. എന്റെ ശ്വാസകോശം ശുദ്ധീകരിക്കാനായി അവര്‍ സ്റ്റീം ഇന്ഹലേഷന് തന്നിരുന്നു. പക്ഷെ അത് കഴിഞ്ഞ് ആ ചൂടുള്ള വെള്ളം എടുക്കാന്‍ അവര്‍ മറന്നു. എനിക്ക് പൊള്ളുന്നുണ്ടായിരുന്നു. ഞാന്‍ കരയുന്നുണ്ടായിരുന്നുവെങ്കിലും കുട്ടിയായത് കൊണ്ടാണെന്ന് കരുതി അവര്‍ പോയി. പിന്നെ വന്നു നോക്കുമ്പോഴാണ് അവര്‍ കാര്യം അറിയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ പലരും പറഞ്ഞു ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റണമെന്ന്. പക്ഷെ ഞാന്‍ പറഞ്ഞു, എന്റെ കൂടെ എന്നുമുണ്ടാകും ഈ പാട് എന്ന്. എന്നാണ് റേച്ചല്‍ പറയുന്നത്.
സുരേഷ് ഗോപി മാസ് ആക്ഷന്‍ റോളിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് കാവല്‍. കാവലിലേക്ക് തന്നെ പരിഗണിച്ചത് സുരേഷ് ഗോപി പറഞ്ഞിട്ടാണെന്നാണ് റേച്ചല്‍ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ് വലിയ അനുഗ്രഹമാണെന്നും പറഞ്ഞ റേച്ചല്‍ സിനിമയുടെ സെറ്റില്‍ എല്ലാവര്ക്കും ഭക്ഷണം കൊണ്ടു വന്നിരുന്നത് സുരേഷ് ഗോപിയായിരുന്നുവെന്നും ലൊക്കേഷന്‍ പുറത്തും വളരെയധികം കരുതലുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും റേച്ചല്‍ നേരത്തെ പറഞ്ഞിരുന്നു. കന്നഡ ചിത്രമായ ലവ് മോക്ക്ടെയ്ലിന്റെ രണ്ടാം ഭാഗത്തിലും റേച്ചലാണ് നായിക.
കാവല്‍ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. കാവല്‍ മലയാളി പ്രേക്ഷകര്‍ക്ക് കാവല്‍ തന്നെയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ചിത്രമാണെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. കൂടാതെ നല്ലൊരു കഥയും കഥാപാശ്ചാത്തലവുമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്. നിര്‍മ്മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ”ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഒരു ആക്ഷന്‍ ഫാമിലി ചിത്രമാണ് ‘കാവല്‍’. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ മാസ് പരിവേഷം ചിത്രത്തിലുണ്ട്, നല്ലൊരു കഥയും പശ്ചാത്തലവും എല്ലാം തന്നെ ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കും. കാവല്‍ വലിയ പ്രതീക്ഷയാണ്, സിനിമ എന്നും മലയാള സിനിമ പ്രേമികള്‍ക്ക് കാവല്‍ ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കാവല്‍ ഒടിടിയ്ക്ക് നല്‍കാത്തതിന്റെ കാരണവും നിര്‍മ്മാതാവ് അഭിമുഖത്തില്‍ പറയുന്നുണ്ട്.”കാവലിന് ഒടിടിയില്‍ നിന്ന് നല്ല ഓഫറാണ് വന്നത്.
എനിക്ക് വേണമെങ്കില്‍ ചിത്രം അവര്‍ക്ക് കൊടുത്ത്, വലിയ രീതിയില്‍ ലാഭം നേടാമായിരുന്നു. പക്ഷെ അത് ശരിയല്ലെന്ന് തന്നെയാണ് എന്റെ തീരുമാനം. നല്ല പടമാണ് കാവല്‍, നല്ല പ്രതീക്ഷയുണ്ട്. ജനങ്ങള്‍ ഇപ്പോള്‍ തിയേറ്ററിലേയ്ക്ക് വരുന്ന സമയമാണ്, അവര്‍ക്ക് ഇഷ്ടപ്പെടുന്ന, ആഘോഷമാക്കാവുന്ന ചിത്രമാണ് കാവല്‍. തിയേറ്ററുകളില്ലാതെ ഞാന്‍ എന്ന നിര്‍മാതാവോ ഗുഡ്വില് എന്ന കമ്പനിയോ ഇല്ല. ഗുഡ്വില് എന്ന കമ്പനി വളര്‍ന്നത് തിയറ്ററുകളുടെയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. തീയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തീയറ്റര്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടില്‍. ഒരുപാട് പേരുടെ അന്നമാണ് സിനിമ എന്നും അദ്ദേഹം പറയുന്നുണ്ട്.
